സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. മുരിങ്ങക്കായ്ക്ക് മൊത്തവിപണിയിൽ 250 രൂപയായി. തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന് പച്ചക്കറി വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. തമിഴ്നാട്ടിൽ മഴ തുടരുമെന്നും പ്രവചനം.
തിരുവനന്തപുരം: ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. മുരിങ്ങാക്കായക്ക് ചില്ലറ വിപണിയിൽ കിലോയ്ക്ക് 500 രൂപ വരെയാണ് വില. പയറിനും ബീൻസിനും കിലോക്ക് 80 രൂപ കടന്നു. മണ്ഡലകാലത്തിനൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതുമാണ് വില ഉയരാൻ കാരണം. ചില്ലറ വിപണിയിൽ 400 രൂപയും കടന്നു മുരിങ്ങാക്കായയുടെ വില. ബീൻസും പയറും കാരറ്റും വെണ്ടയും തൊട്ടാൽ പൊള്ളും. തക്കാളിക്ക് 60 ൽ കൂടുതൽ നൽകണം ചില്ലറ വിപണിയിൽ.
വില കൂടിയതോടെ പല സാധനങ്ങളും ചില്ലറ വിപണിയിൽ ലഭ്യമല്ല. ഉയർന്ന വിലക്ക് വാങ്ങാനും ആളില്ല. മണ്ഡലകാലം തുടങ്ങിയതോടെ പച്ചക്കറിക്ക് ആവശ്യക്കാർ കൂടിയതും അയൽ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയുമാണ് വിലക്കയറ്റത്തിന് കാരണം. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഈ ആഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ആഭ്യന്തര ഉത്പാദനവും കുറവാണ്. മണ്ഡലകാലം അവസാനിക്കുന്നത് വരെ വില കുറയാനിടയില്ലെന്നാണ് വ്യാപാരികളും വിതരണക്കാരും പറയുന്നത്.


