മോദി ഗുരുവില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭാരതീയ സംസ്ക്കാരവും മൂല്യവും ഹിന്ദുത്വ അജണ്ടയുടേതാണെന്നും കോടിയേരി

തിരുവനന്തപുരം: ശ്രീനാരായണഗുരുവിനെ റാഞ്ചാൻ ബിജെപി ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri balakrishnan). ശിവഗിരി തീർത്ഥാടനത്തിന്‍റെ നവതി ആഘോഷവേളയിൽ നരേന്ദ്ര മോദി (Narendra Modi നടത്തിയ പ്രസംഗം ഗുരുനിന്ദയെന്ന് കോടിയേരി പറഞ്ഞു. പാർട്ടിപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം. ഗുരുവിനെ പ്രധാനമന്ത്രി ആദരിക്കുന്നത് നന്നാണ്. എന്നാല്‍ ആ അവസരം ഗുരുവിന്‍റെ ദര്‍ശനത്തെയും നിലപാടുകളെയും തിരസ്ക്കരിക്കാനും സംഘപരിവാറിന്‍റെ കാവിവര്‍ണ്ണ ആശയങ്ങള്‍ ഒളിച്ച് കടത്താനുമുള്ള അവസരമാക്കുന്നത് അനുചിതമാണ്.

മോദി ഗുരുവില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭാരതീയ സംസ്ക്കാരവും മൂല്യവും ഹിന്ദുത്വ അജണ്ടയുടേതാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു. ദീൻ ദയാൽ സ്മരണ പതിവായി പുതുക്കുകയും ദീൻ ദയാലിന്‍റെ പേരിൽ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിക്ക് ശ്രീനാരായണ ഗുരുവിന്റെ മാനവദർശനം സ്വീകരിക്കാനാകില്ല. അതിനാലാണ് ഗുരുവിനെ റാഞ്ചി തീവ്രവർഗീയ ഇരിപ്പിടത്തിൽ ഉറപ്പിക്കാനുള്ള ഹീനമായ വാചകമടി പ്രധാനമന്ത്രി നടത്തിയതെന്നും കോടിയേരി വിശദീകരിച്ചു. ശ്രീനാരായണ ഗുരുവിന്‍റെ പേരും ദുരുപയോഗിച്ച് മുസ്ലിംവിരുദ്ധ വർഗീയ ലഹളയ്ക്കാണോ മോദി ലക്ഷ്യമിടുന്നതെന്നും കോടിയേരി ചോദിക്കുന്നു.

DYFI: 'സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമം', ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ റിയാസിനും റഹീമിനും വിമർശനം

പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ (DYFI State Conference) മന്ത്രി മുഹമ്മദ് റിയാസിനും അഖിലേന്ത്യ അധ്യക്ഷൻ എ എ റഹീമിനും വിമർശനം. സംഘടനയിൽ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാൻ രണ്ടും നേതാക്കളും ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. മുഹമ്മദ് റിയാസ്, എ എ റഹിം, എസ് സതീഷ് എന്നിവരടങ്ങുന്ന കോക്കസ് ആണ് സംഘടനയെ നയിക്കുന്നതെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. പ്രവർത്തന റിപ്പോർട്ടിൽ സംഘടനയുടെ പോരായ്മകളും വിമർശനങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്നും ആരോപണം ഉയർന്നു. സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഇന്നലെ രാവിലെ സംഘടന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചതിന് ശേഷം നടന്ന പൊതുചർച്ചയിലാണ് പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്. നേരത്തെ ജില്ലാ സമ്മേളനങ്ങളിലും എ എ റഹീമിനെതിരെ സമാനമായ വിമർശനം പലയിടത്തും ഉയർന്നിരുന്നു. ഒടുവിൽ സംസ്ഥാന സമ്മേളനത്തിലേക്ക് എത്തിയപ്പോൾ റഹീമിനെ കൂടാതെ മുൻ അഖിലേന്ത്യ അധ്യക്ഷൻ മുഹമ്മദ് റിയാസിനും നിലവിലെ സംസ്ഥാന അധ്യക്ഷൻ എസ് സതീശനും സമാന വിമർശനം നേരിടേണ്ടി വന്നു. മൂന്ന് നേതാക്കളും ചേർന്നുള്ള കോക്കസ് സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്ക് സംഘടനയെ ഉപയോഗിക്കുന്ന നില വന്നെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.