Asianet News MalayalamAsianet News Malayalam

പിണറായി പാര്‍ട്ടിക്ക് അതീതനല്ല; സ്പ്രിംക്ലര്‍ അതിരപ്പള്ളി വിവാദങ്ങളിൽ മനസ് തുറന്ന് കോടിയേരി

സ്പ്രിംക്ലര്‍ വിവാദത്തിൽ നിലപാട് വ്യക്തമാക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിപ്പള്ളി പദ്ധതി ഇടത് മുന്നണി അജണ്ടയിലില്ലെന്നും കോടിയേരി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ

kodiyeri balakrishnan exclusive interview asianetnews
Author
Trivandrum, First Published Jun 29, 2020, 11:26 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: പാര്‍ട്ടിയും സര്‍ക്കാരും എല്ലാം പിണറായി വിജയനാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാര്‍ട്ടിയും സര്‍ക്കാരും രണ്ട് വഴിക്കാണെന്ന് വരുത്തി തീര്‍ക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. പക്ഷെ അത്തരമൊരു സാഹചര്യം നിലവിലില്ല. പാര്‍ട്ടിയും സര്‍ക്കാരും രണ്ടല്ല എന്ന് ഏറ്റവും അധികം മനസിലാക്കുന്നതും തിരിച്ചറിയുന്നതും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. മുഖ്യമന്ത്രി പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന സാഹചര്യം ഇല്ല. എല്ലാ ഘട്ടത്തിലും മുഖ്യമന്ത്രി ഏകെജി സെന്ററുമായി ബന്ധപ്പെടുന്നു. ആഴ്ചയിലൊരിക്കൽ പാര്‍ട്ടിയോഗത്തിൽ പങ്കെടുക്കുന്നു. ഒരുതരത്തിലുള്ള ആശയക്കുഴപ്പത്തിനും ഇപ്പോൾ സാധ്യത നിലനിൽക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. 

സ്പ്രിംക്ലര്‍ വിവാദത്തെ കുറിച്ച് :

സ്പ്രിംക്ലര്‍ വിവാദം ഉടലെടുത്തതിന് പിന്നാലെ പാര്‍ട്ടി ഇക്കാര്യം വിശദമായി പരിശോധിച്ചിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷ ആരോപണം വന്നതിന് പിന്നാലെ അസാധാരണ സാഹചര്യത്തിലുണ്ടാക്കിയ കരാറിന് ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാനായിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ വിശദീകരിച്ചതാണ്. പ്രശ്നം ഉയര്‍ന്ന് വന്നത് എല്ലാം പാര്‍ട്ടി പരിശോധിച്ചിട്ടുണ്ട് .സാമ്പത്തിക ബാധ്യത സര്‍ക്കാരിനില്ലാത്തത് കൊണ്ടാണ് കരാര്‍ വേളയിൽ പ്രത്യേക ചര്‍ച്ച നടത്താതിരുന്നത്. ഇതൊരു പുതിയ അനുഭവമാണ്. ഇത് പിന്നീട് വിലയിരുത്തേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരസ്യമായി നിലപാടെടുത്തിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. 

 

അതിരപ്പള്ളി അജണ്ടയിലുണ്ടോ ? 

അതിരപ്പള്ളി വിവാദത്തിന് പ്രസക്തിയില്ലെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അതിരപ്പള്ളി ജലവൈദ്യുത പദ്ധതി  ഇപ്പോൾ സര്‍ക്കാരിന്‍റേയോ മുന്നണിയുടേയോ  അജണ്ടയിലില്ല. അത് നടപ്പാക്കാനില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ എൻഒസി പുതുക്കുകമാത്രമാണ് ചെയ്തത്. അത് കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചത് കൊണ്ടാണ്. ഏതെങ്കിലും കാലത്ത് പദ്ധതി വേണമെന്ന് തോന്നിയാൽ ആ സമയത്ത് പദ്ധതിക്ക് കേന്ദ്രം എൻഒസി നൽകണമെന്ന് നിര്‍ബന്ധമില്ലെന്നും അതുകൊണ്ട് കൂടിയാണ് പുതുക്കാൻ തീരുമാനിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ദൈനംദിന കാര്യങ്ങൾ എല്ലാം ഇടത് മുന്നണിയിൽ ചര്‍ച്ച ചെയ്യാനാകില്ല. വകുപ്പുകൾ അവരുടെ കാര്യവുമായി മുന്നോട്ട് പോകട്ടെ. അല്ലെങ്കിൽ വിമര്‍ശനം ഉന്നയിക്കുന്നവര്‍ തന്നെ ഭരണം നടത്തുന്നത് എകെജി സെന്‍ററിൽ നിന്നാണെന്ന് ആക്ഷേപിക്കുമെന്നും കോടിയേരി വ്യക്തമാക്കി. 

പ്രവാസികൾക്ക് പുനരുദ്ധാരണ പദ്ധതി നടപ്പാക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിവിധ ഏജൻസികളും സംയുക്തമായി നടപ്പാക്കേണ്ടതാണ്. അത്തരമൊരു പദ്ധതി സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്‍ഞു. 

തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ:  

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ തന്നെ നടക്കും . സംഘടനാതലത്തിൽ അതിനുള്ള ഒരുക്കങ്ങളെല്ലാം ഇടത് മുന്നണി നടത്തിവരികയാണ്. അസാധാരണ സാഹചര്യത്തിലാണ് തെരഞ്‍ഞെടുപ്പ് വരുന്നത്. പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രവര്‍ത്തന സംവിധാനത്തിലും മാറ്റം വരണം. അത് വ്യക്തമായി പാര്‍ട്ടി മനസിലാക്കുകയും അത് പ്രാവര്‍ത്തികമാക്കി വരുന്നുമുണ്ട് . തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് ഇടത് മുന്നണി പ്രതീക്ഷിക്കുന്നത്. 

ഭരണത്തുടര്‍ച്ചക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇടത് മുന്നണിക്ക് തുടര്‍ഭരണം സാധ്യമാകുന്ന അന്തരീക്ഷം കേരളത്തിലുണ്ട്. വികസനമേഖലയിൽ വലിയ ഇടപെടലാണ് ഇടത് സര്‍ക്കാര്‍ നടപ്പാക്കിയത്. നടപ്പാകില്ലെന്ന് കരുതിയ പദ്ധതികൾ പോലും പ്രാവര്‍ത്തികമായി. വികസന തുടര്‍ച്ച കേരളത്തിന് അകത്തുള്ളവര്‍ മാത്രമല്ല പുറത്തുള്ളവരും ഒരുപോലെ ആഗ്രഹിക്കുന്നു. 

പ്രതിപക്ഷ സഖ്യനീക്കങ്ങൾക്കെതിരെ:  

ഇടതുമുന്നണി സര്‍ക്കാരിന്‍റെ സ്വാകാര്യതയും തടുര്‍ഭരണ സാധ്യതയും തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് പ്രതിപക്ഷ ക്യാമ്പിൽ നടക്കുന്നത്.  ചില സഖ്യനീക്കങ്ങൾ നടക്കുന്നു. ലീഡ് ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. ഒരു വശത്ത് ആര്‍എസ്എസ് നടത്തുന്ന ഹൈന്ദവ ധ്രുവീകരണത്തിന് ബദലെന്ന നിലയിൽ മുസ്ലീംലീഗ് നടക്കുന്ന നീക്കം നാടിന് ആപത്താണ് വരുത്തിവയ്ക്കുക. ഇത്തരം അപകടകരമായ നിലപാടുകളെ കോൺഗ്രസ് എതിര്‍ക്കുന്നില്ല. എങ്ങനെയും നാല് വോട്ട് പിടിക്കണം അതിന് തീവ്രവാദത്തോട് പോലും സന്ധി ചെയ്യുന്ന വിധം യുഡിഎഫ് അധപതിച്ചു. മതനിരപേക്ഷത സംരക്ഷിക്കാൻ ഇടത് മുന്നണിക്കേ കഴിയു. ഇത്തരം കക്ഷികളുമായൊന്നും ഒരു സഖ്യത്തിനും സിപിഎം ഒരുക്കമല്ലെന്നും കോടിയേരി വിശദീകരിച്ചു. 

ലീഗിന് ശക്തി കേന്ദ്രങ്ങളിൽ പോലും ഇത്തരം സംഘടനകളുടെ പിന്തുണ കൂടിയേ തീരു എന്ന അവസ്ഥയാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന രാഷ്ട്രീയ കള്ളക്കളിയാണ് കേരളത്തിൽ നടക്കുന്നത്. ഇവര്‍ക്കെല്ലാം വേണ്ടത് മുഖ്യമന്ത്രി സ്ഥാനമാണ്. അതിനുവേണ്ടിയുള്ള രാഷ്ട്രീയമാണ് പയറ്റുന്നത്. നേതൃത്വ തര്‍ക്കം യുഡിഎഫിൽ വലിയ തര്‍ക്കമായി വരും ദിവസങ്ങളിൽ ഉയര്ന്ന് വരാനിടയുണ്ടെന്ന് തന്നെയാണ് ഇടത് മുന്നണി വിലയിരുത്തുന്നത്.

കേരളാ കോൺഗ്രസുകാരുമായി യാതൊരു വിധ ചര്‍ച്ചക്കും ഇല്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നടക്കുന്നത് ചക്കളത്തി പോരാട്ടമാണെന്നും കോടിയേരി. വീഡിയോ: 

മുല്ലപ്പള്ളി രാമചന്ദ്രന് മറുപടി: 

ആരോഗ്യ മന്ത്രി കെകെ ശൈലജക്കെതിരായ പരാമര്‍ശത്തിൽ കെപിസിസി പ്രസിഡന്‍റ് എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു നിലപാടിലേക്ക് താഴ്ന്നതെന്ന് സ്വയം വിലയിരുത്തണം. സ്ത്രീകൾക്കെതിരായ പരാമര്‍ശങ്ങൾ പൊതു സമൂഹം വിലയിരുത്തും. ദുരഭിമാനം കൊണ്ടാണ് മുല്ലപ്പള്ളി ആരോഗ്യമന്ത്രിക്കെതിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: ഭയപ്പെടരുത്, മനക്കരുത്തോടെ നേരിടണം: ക്യാൻസറിനെ തോൽപ്പിച്ച് കോടിയേരി വീണ്ടും സജീവമാകുന്നു... 

Follow Us:
Download App:
  • android
  • ios