തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമങ്ങൾ പച്ച നുണ പ്രചരിപ്പിക്കുകയാണെന്നും  സംസ്ഥാനത്തിന്റെ ഭാവിയോട്  നീതി പുലർത്തുന്നില്ലെന്നും കോടിയേരി ആരോപിച്ചു. മാധ്യമങ്ങൾ നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുവേണ്ടി സ്വയംവിട്ടുകൊടുത്തിരിക്കയാണ്. പച്ച നുണകൾ വാർത്തകൾ എന്ന പേരിൽ പ്രചരിപ്പിച്ച്, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് ഇവർ നിറവേറ്റുന്നതെന്നും കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു. 


കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

ഒരു കാലവും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ല. പ്രതീക്ഷിക്കുന്നുമില്ല. നിഷ്പക്ഷ മാധ്യമങ്ങളെന്ന മുഖംമൂടിയുമണിഞ്ഞ് ഇവർ എന്തൊക്കെയാണീ കാട്ടി കൂട്ടുന്നത്? പച്ച നുണകൾ വാർത്തകൾ എന്ന പേരിൽ പ്രചരിപ്പിച്ച്, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് ഇവർ നിറവേറ്റുന്നത്?

മാധ്യമങ്ങൾ സംസ്ഥാനത്തിൻ്റെ ഭാവിയോട് നീതി പുലർത്തുന്നില്ല. നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുവേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കയാണ് മാധ്യമങ്ങൾ.

നുണയുടെ നിറക്കൂട്ടുകളൊരുക്കി എല്ലാ കാലത്തും ജനങ്ങളെ വഞ്ചിക്കാമെന്നാണോ, നിഷ്പക്ഷ നാട്യമാടുന്ന മാധ്യമങ്ങൾ കരുതുന്നത്? ആ ധാരണ വെറുതെയാണ്. കേരള ജനത നിങ്ങളെ മനസിലാക്കുന്നുണ്ട്.