പോരാട്ടത്തിന്‍ വീഥികളില്‍... ഞങ്ങളെയാകെ നയിച്ച സഖാവേ... എന്ന മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ പ്രവര്‍ത്തകരുടെ തൊണ്ടയിടറി, കണ്ണീരിനാല്‍ ചുവന്ന മണ്ണ് നനഞ്ഞു. ഇല്ല... ഇല്ല... മരിക്കുന്നില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ...

കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വിലാപ യാത്രയില്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍. പോരാട്ടത്തിന്‍ വീഥികളില്‍... ഞങ്ങളെയാകെ നയിച്ച സഖാവേ... എന്ന മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ പ്രവര്‍ത്തകരുടെ തൊണ്ടയിടറി, കണ്ണീരിനാല്‍ ചുവന്ന മണ്ണ് നനഞ്ഞു. ഇല്ല... ഇല്ല... മരിക്കുന്നില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ... എന്ന മുദ്രാവാക്യം എത്ര ഉച്ചത്തില്‍ മുഴക്കാമോ, അത്രയും ഉച്ചത്തില്‍ ഹൃദയം തൊട്ടാണ് പ്രവര്‍ത്തകര്‍ മുഴക്കിയത്.

നെഞ്ച് പൊട്ടി, തകര്‍ന്ന അവസ്ഥയിലായിരുന്നു പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും. ഏറ്റവും പ്രിയപ്പെട്ട സഖാവിനെ നഷ്ടപ്പെട്ട വേദന പിണറായി വിജയന്‍റെ മുഖത്ത് പ്രകടമായിരുന്നു. ഇന്നലെ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ കോടിയേരിക്ക് അരികില്‍ ഇരിക്കുന്ന പിണറായിയുടെ ചിത്രം കേരളത്തിനാകെ നൊമ്പരമായി മാറിയിരുന്നു. ഇന്ന് രാവിലെ കോടിയേരിയുടെ വീട്ടില്‍ എത്തിയ പിണറായി വിജയന്‍ പ്രിയ സഖാവിന്‍റെ ഭാര്യയുടെ മക്കളെയും ആശ്വസിപ്പിച്ചു.

ഒടുവില്‍ കോടിയേരിക്ക് അരികില്‍ നിന്ന് മാറാതെ പ്രിയ സഖാവിന്‍റെ അന്ത്യയാത്രയിലും പിണറായി വിജയന്‍ ഹൃദയം തകര്‍ന്ന് ഒപ്പം നടന്നു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പയ്യാമ്പലത്തിലേക്കുള്ള കോടിയേരിയുടെ അവസാന യാത്രയില്‍ രണ്ടര കിലോമീറ്ററും പിണറായി വിജയന്‍ നടന്നു. ഏറ്റവും അവസാനം കുറച്ച് ദൂരം സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളാണ് കോടിയേരിയുടെ ശവമഞ്ചം ചുമന്നത്. മുന്നില്‍ പിണറായി വിജയനും സീതാറാം യെച്ചൂരിയും പിന്നില്‍ എം എ ബേബിയും പ്രകാശ് കാരാട്ടും ചേര്‍ന്ന് പ്രിയ സഖാവിന്‍റെ ചേതനയറ്റ ശരീരം പയ്യാമ്പലത്തേക്ക് എത്തിച്ചു.

കണ്ണൂര്‍ ജില്ലയിലെ രണ്ട് സ്ഥലനാമങ്ങളായ പിണറായിയും കോടിയേരും രണ്ട് വ്യക്തികളായി മാറിയ നീണ്ട കാലത്തിന് ഒടുവില്‍ അതില്‍ ഒരാളുടെ വേര്‍പ്പാട് നാടിനും താങ്ങാവുന്നതില്‍ ഏറെയായിരുന്നു. പിണറായി വിജയന്‍ എന്ന കണിശക്കാരന്‍ എടുക്കുന്ന തീരുമാനങ്ങള്‍ വളരെ കൗശലത്തോടെ തന്ത്രപരമായ ചിരിച്ച മുഖത്തോടെ നടപ്പാക്കുന്ന രീതിയാണ് കോടിയേരിയെ പാര്‍ട്ടിക്കാരടെ പ്രിയങ്കരനാക്കിയത്.

പിണറായി വിജയനും കോടിയേരിയും തമ്മിലുള്ള ഇഴയടുപ്പമാണ് ഇതിന് പിന്നിലെ ചാലകശക്തിയായ നിലകൊണ്ടത്. ഒടുവില്‍ കനല്‍ വഴികളില്‍ നെഞ്ചോട് ചേര്‍ത്ത മണ്ണിലേക്ക് കോടിയേരി അലിഞ്ഞ് ചേരുമ്പോള്‍ കേരളം ഉറക്കെ മുഴക്കുകയാണ്... ഇല്ല മരിക്കുന്നില്ല... കോടിയേരി സഖാവ് മരിക്കുന്നില്ല.. . ജിവിക്കുന്നു ഞങ്ങളിലൂടെ... ഞങ്ങളില്‍ ഒഴുകും ചോരയിലൂടെ... 

വാക്കുകൾ ഇടറി, ദുഖം കടിച്ചമർത്തി; കോടിയേരിയുടെ അനുശോചന യോഗത്തിൽ പ്രസംഗം പാതിയിൽ നിർത്തി മുഖ്യമന്ത്രി