Asianet News MalayalamAsianet News Malayalam

ടൗണ്‍ ഹാളിൽ വൈകാരിക രംഗങ്ങൾ; പൊട്ടിക്കരഞ്ഞ് തള‍ര്‍ന്ന് വീണ് വിനോദിനി, കോടിയേരിക്ക് പിണറായിയുടെ ലാൽ സലാം

സഹോദരനെ പോലെ ഒപ്പം നടന്ന പ്രിയ സഖാവിന് മുഖ്യമന്ത്രി പിണറായി വിജയൻ മുഷ്ടി ചുരുട്ടി അഭിവാദ്യം അ‍ര്‍പ്പിച്ചപ്പോൾ മൃതദേഹം സൂക്ഷിച്ച ഫ്രീസറിന് മുകളിലേക്ക് വിങ്ങിപ്പൊട്ടി വീണ ഭാര്യ വിനോദിനി തള‍ര്‍ന്നു വീണു. 

Vinodini burst into tears seeing Kodiyeris dead body
Author
First Published Oct 2, 2022, 4:23 PM IST

തലശ്ശേരി: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ മൃതദേഹം പൊതുദർശനത്തിനായി തലശ്ശേരി ടൗണ്‍ ഹാളിൽ എത്തിച്ചപ്പോൾ കണ്ടത് അതി വൈകാരിക രംഗങ്ങൾ. സഹോദരനെ പോലെ ഒപ്പം നടന്ന പ്രിയ സഖാവിന് മുഖ്യമന്ത്രി പിണറായി വിജയൻ മുഷ്ടി ചുരുട്ടി അഭിവാദ്യം അ‍ര്‍പ്പിച്ചപ്പോൾ മൃതദേഹം സൂക്ഷിച്ച ഫ്രീസറിന് മുകളിലേക്ക് വിങ്ങിപ്പൊട്ടി വീണ ഭാര്യ വിനോദിനി തള‍ര്‍ന്നു വീണു. 

ടൗണ്‍ ഹാളിലേക്ക് കൊണ്ടു വന്ന വിനോദിനിയോട് മുഖ്യമന്ത്രി പിണറായിവിജയൻ സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തെങ്കിലും കോടിയേരിയുടെ മൃതദേഹത്തിന് അടുത്തേക്ക് എത്തിയതോടെ അവ‍ര്‍ വിങ്ങിപ്പൊട്ടി തള‍ര്‍ന്നു വീണു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭാര്യ കമലയും സിപിഎം നേതാവ് പികെ ശ്രീമതിയും മകൻ ബിനീഷ് കോടിയേരിയും ചേര്‍ന്ന് വിനോദിനിയെ താങ്ങിയെടുത്ത് മാറ്റി. അൽപസമയത്തിന് ശേഷം വിനോദിനിയും ബിനീഷിൻ്റെ ഭാര്യ റെനീറ്റ അടക്കമുള്ള ബന്ധുക്കൾ  കോടിയേരി ഈങ്ങയിൽ പീടികയിലെ വീട്ടിലേക്ക് പോയി. 

ഇന്ന് രാവിലെ ചെന്നൈയിൽ നിന്നുള്ള എയ‍ര്‍ ആംബുലൻസിൽ കോടിയേരിയുടെ മൃതദേഹം കൊണ്ടു വന്നപ്പോൾ വിനോദിനിയും മകൻ  ബിനീഷും അനുഗമിച്ചിരുന്നു. എയ‍ര്‍പോര്‍ട്ടിൽ നിന്നും ടൗണ്‍ഹാളിലേക്കുള്ള യാത്രയിലും മകൻ ബിനീഷ് കോടിയേരി അച്ഛനൊപ്പമുണ്ടായിരുന്നു. 

ഇന്ന് രാത്രി എട്ട് മണി വരെയാണ് തലശ്ശേരി ടൗണ് ഹാളിൽ പൊതുദ‍ര്‍ശനമുണ്ടാവുക. തുട‍ര്‍ന്ന് വീട്ടിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം നാളെ രാവിലെ അവിടെ വയ്ക്കും. ഇവിടെ വച്ചാവും ബന്ധുക്കൾക്കും അടുത്ത സുഹൃത്തുകൾക്കും അദ്ദേഹത്തിന് അന്തിമോപചാരം അ‍ര്‍പ്പിക്കാൻ അവസരം ഒരുക്കുക. തുടര്‍ന്ന് സിപിഎം കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ അഴീക്കോടൻ രാഘവൻ മന്ദിരത്തിലേക്ക് പൊതുദ‍ര്‍ശനത്തിനായി മൃതദേഹം കൊണ്ടു വരും. ഇവിടെ നിന്നുമായിരിക്കും സംസ്കാരചടങ്ങുകൾക്കായി മൃതദേഹം പയ്യാമ്പലം കടപ്പുറത്തേക്ക് കൊണ്ടു പോകുക. 

ടൗണ്‍ ഹാളിലേക്കുള്ള യാത്രയിൽ ഉടനീളം ആയിരക്കണക്കിന് ആളുകളാണ് തലശ്ശേരിയുടെ തലയെടുപ്പുള്ള നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തിരുന്നത്. ടൗണ്‍ ഹാളിലേക്ക് മൃതദേഹം എത്തിച്ചപ്പോൾ മുതൽ ആരംഭിച്ച ലാൽസലാം വിളികൾ  ഇപ്പോഴും തുടരുകയാണ്. ആയിരകണക്കിന് ആളുകളാണ് കോടിയേരിക്ക് അവസാനമായി വിട ചൊല്ലാൻ ടൗണ്‍ ഹാളിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. 

ടൗണ്‍ ഹാളിലേക്ക് മൃതദേഹം എത്തിച്ചപ്പോൾ ആദ്യം അഭിവാദ്യം അര്‍പ്പിച്ചത് മുഖ്യമന്ത്രിയാണ്. മൃതദേഹത്തിൽ റീത്ത് സമര്‍പ്പിച്ച ശേഷം മുഖ്യമന്ത്രി മുഷ്ടി ചുരുട്ടി കോടിയേരിക്ക് അഭിവാദ്യം അര്‍പ്പിച്ചു. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രൻ, സ്പീക്കര്‍ എഎൻ ഷംസീര്‍, സിപിഎം നേതാക്കളായ എംവി ജയരാജൻ, പി ജയരാജൻ, ടിവി രാജേഷ്, പാലോളി മുഹമ്മദ് കുട്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി ശശി, ജോണ്‍ ബ്രിട്ടാസ് എംപി, കെകെ ശൈലജ, കെടി ജലീൽ എംഎൽഎ, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ എന്നിവരെല്ലാം ടൗണ്‍ ഹാളിൽ എത്തിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios