Asianet News MalayalamAsianet News Malayalam

പ്രിയ സഖാവിനെ കണ്ട് മടങ്ങി ആയിരങ്ങൾ, മൃതദേഹം വീട്ടിലേക്കെത്തിച്ചു, 'കോടിയേരി'യിലേക്ക് പിണറായിയുമെത്തി 

ടൌൺ ഹാളിലെ എട്ട് മണിക്കൂർ നീണ്ട പൊതുദർശനത്തിൽ ആയിരങ്ങളാണ് അന്ത്യോപചാരം അർപ്പിച്ചത്. സ്ത്രീകളും കുട്ടികളും വയോധികരുമടക്കം ഒരു നീണ്ട നിരയാണ് പ്രിയ സഖാവിനെ ഒരു നോക്ക് കാണാനായി എത്തിയത്. 

Kodiyeri Balakrishnan funeral live updates
Author
First Published Oct 2, 2022, 10:47 PM IST

കണ്ണൂർ : അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തലശ്ശേരി ടൌൺ ഹാളിലെ പൊതുദർശനത്തിന് ശേഷം ഈങ്ങയിൽപീടികയിലെ 'കോടിയേരി' കുടുംബ വീട്ടിലേക്ക് എത്തി. ടൌൺ ഹാളിലെ എട്ട് മണിക്കൂർ നീണ്ട പൊതുദർശനത്തിൽ ആയിരങ്ങളാണ് അന്ത്യോപചാരം അർപ്പിച്ചത്. സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ളവരുടെ ഒരു നീണ്ട നിരയാണ് പ്രിയ സഖാവിനെ ഒരു നോക്ക് കാണാനായി ടൌൺ ഹാളിലേക്ക് എത്തിയത്. വീട്ടിൽ കുടുംബാംഗങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനായിരുന്നു സൌകര്യമൊരുക്കിയതെങ്കിലും പ്രിയസഖാവിനെ ഒരു നോക്ക് കാണാൻ നിരവധിപ്പേരാണ് വീട്ടിലും കാത്തുനിന്നിരുന്നത്. ഇവർക്ക് കൂടി അന്തിമോപചാരം അർപ്പിക്കാൻ സൌകര്യമൊരുക്കിയിട്ടുണ്ട്. 

മുഖ്യമന്ത്രി പിണറായി വിജയൻ പിബി അംഗം, എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ള മുതിർന്ന നേതാക്കൾ കോടിയേരിയിലെ വീട്ടിലേക്ക് എത്തി ഭാര്യ വിനോദിനി മക്കളായ ബിനോയ്, ബിനീഷ് എന്നിവരടക്കമുള്ള കുടുംബാംഗങ്ങളെ നേരിട്ട് കണ്ടു. മണിക്കൂറുകളോളം ടൌൺ ഹാളിൽ കോടിയേരിയുടെ അരികിലിരുന്ന ശേഷമായിരുന്നു നേരത്തെ മുഖ്യമന്ത്രി ടൌൺഹാളിൽ നിന്നും മടങ്ങിയത്. പിന്നീട് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോടിയേരിയിലെ വീട്ടിലേക്ക് എത്തുന്നതിന് മുമ്പാണ് മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാക്കളും എത്തിയത്. അൽപ്പസമയം ബന്ധുക്കൾക്കൊപ്പം ഇരുന്ന ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ഇന്ന് രാത്രി വീട്ടിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ അഴീക്കോടൻ സ്മാരകമന്ദിരത്തിലേക്ക് കൊണ്ടു പോകും. വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലം കടപ്പുറത്താണ് സംസ്കാരം. 

കോടിയേരി സഖാവിനെ കാണാൻ പുഷ്പനെത്തി; അന്തിമോപചാരം അര്‍പ്പിച്ച് കെ.കെ രമ എംഎൽഎയും

ഉച്ചയ്ക്ക് ഒരു മണിയോടെ കോടിയേരിയുടെ മൃതദേഹം കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മന്ത്രിമാരും പാർട്ടി നേതാക്കളുമായി നിരവധി പേർ മൃതദേഹം ഏറ്റുവാങ്ങാനായി എത്തിയിരുന്നു. കണ്ണൂർ വിമാനത്താവളം മുതൽ തലശ്ശേരി ടൗൺ ഹാൾ വരെ അക്ഷരാർത്ഥത്തിൽ ജനസാഗരത്തിന് നടുവിലൂടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായുള്ള വിലാപയാത്ര നീങ്ങിയത്. കേരളത്തിലെ കരുത്തുറ്റ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവിനെ ഓർത്ത് കണ്ണീർ വാർക്കുകയായിരുന്നു നാട്ടുകാരും പാർട്ടി പ്രവർത്തകരും.

'ഒരു തുമ്പുമില്ലാതെ പൊലീസ് സേനയാകെ പകച്ചുപോയ കേസ്, അന്ന് കോടിയേരി പറഞ്ഞത്', ഓർമ പങ്കുവച്ച് പി വിജയൻ ഐപിഎസ്

ജീവിതത്തിന്റെ നാനാതുറയിൽ പെട്ട ആയിരക്കണക്കിന് ജനങ്ങളും രാഷ്ട്രീയ പ്രവർത്തകരുമാണ് കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ചത്. കെ പി സി സി അദ്ധ്യക്ഷൻ കെ.സുധാകരൻ,മുൻ അദ്ധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ , മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി, വെള്ളാപ്പള്ളി നടേശൻ, കെ.മുരളീധരൻ, ആർ എസ് എസ് നേതാവ് ഗോപാലൻകുട്ടി മാസ്റ്റർ മന്ത്രിമാർ സാംസ്കാരിക പ്രവർത്തകർ അങ്ങനെ നിരവധിപേർ തലശ്ശേരിയിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു. 

 

Follow Us:
Download App:
  • android
  • ios