Asianet News MalayalamAsianet News Malayalam

ശബരിമല നിലപാടിൽ മാറ്റമില്ല; പാലായിലെ സാഹചര്യം എൽഡിഎഫിന് അനുകൂലമെന്ന് കോടിയേരി

ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ടീയ സാഹചര്യം മാറിയെന്നും നിലവിലെ സാഹചര്യം എൽഡിഎഫിന് അനുകൂലമാണെന്നും കോടിയേരി ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'നേതാവിനൊപ്പം' പരിപാടിയിൽ..

Kodiyeri Balakrishnan on Pala By Election
Author
Thiruvananthapuram, First Published Sep 3, 2019, 8:45 PM IST

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യത ഉണ്ടെന്ന നിലപാട് മാറ്റിയിട്ടില്ലെന്ന് കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറിയെന്നും നിലവിലെ സാഹചര്യം എൽഡിഎഫിന് അനുകൂലമാണെന്നും കോടിയേരി പറഞ്ഞു. കേരള കോൺഗ്രസിലെ തർക്കത്തിൽ ജനങ്ങളുടെ അതൃപ്തി പാലായിൽ പ്രകടമാകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. നേതാവിനൊപ്പം എന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. 

കെ ആര്‍ ഷിബു കുമാര്‍ നടത്തിയ അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം

* ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ പരാജയത്തിന് ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ്. പ്രാരംഭമായ വിലയിരുത്തല്‍ പാര്‍ട്ടിയും മുന്നണിയും നടത്തിക്കഴിഞ്ഞു. 54വര്‍ഷമായി കെ എം മാണി പ്രതിനിധാനം ചെയ്ത മണ്ഡലം എന്ന നിലയില്‍, എന്താണ് പാലായിലെ ജനവിധി പ്രതീക്ഷിക്കുന്നത്?

പാലാ മണ്ഡലത്തില്‍ കെ എം മാണിക്ക് അദ്ദേഹത്തിന്‍റേതായ വ്യക്തിപ്രഭാവം ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍, മാണി ഇല്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായ ഏറെ ഘടകങ്ങള്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്.  

* കേരളാ കോണ്‍ഗ്രസിലുള്ള തര്‍ക്കത്തിലാണോ ഇടത് മുന്നണി പ്രതീക്ഷ അര്‍പ്പിക്കുന്നത്?

 കേരളാ കോണ്‍ഗ്രസിലുള്ള തര്‍ക്കത്തെ പാര്‍ട്ടി കാര്യമായി എടുക്കുന്നില്ല. കാരണം അത് അവരുടെ ഇടയിലെ സഹജമായ സ്വഭാവമാണ്. അവര്‍ക്കിടയില്‍ തര്‍ക്കമുണ്ടാവും, പിളരും, വീണ്ടും യോജിക്കും, പിന്നെയും പിളരും. പക്ഷേ ഇതെല്ലാം നോക്കിക്കാണുന്ന സമാന്യ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന അസംതൃപ്തിയുടെ പ്രകടനം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ പോലും യോജിപ്പില്ലാത്ത പാര്‍ട്ടിക്ക് എങ്ങനെ നിയമസഭയില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും?

ഇപ്പോള്‍  പി ജെ ജോസഫാണ് ചിഹ്നം കൊടുക്കേണ്ട ഭരണാധികാരിയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ രണ്ടില ചിഹ്നത്തില്‍ ഒരാള്‍ ജയിച്ച് വന്നാല്‍ ജോസ് കെ മാണിയുടെ കൂടെ മൂന്ന് എംഎല്‍എമാരാവും, അങ്ങനെ വരുമ്പോള്‍ പി ജെ ജോസഫിനുള്ള നിയമസഭയിലെയും പാര്‍ട്ടിയിലെയും ആധിപത്യത്തെ ബാധിക്കും എന്നതുക്കൊണ്ടാണ് ചിഹ്നം കൊടുക്കാന്‍ പി ജെ ജോസഫ് തയ്യാറാകാത്തത്. കേരളാ കോണ്‍ഗ്രസ് ആരാണ് എന്ന് തീരുമാനിക്കുന്ന ഒരു തെരഞ്ഞെടുപ്പായിട്ടാണ് പാലാ അവര്‍ക്ക് മുന്നിലുള്ളത്, സ്വഭാവികമായിട്ടും അതിന്‍റേതായ പ്രശ്നങ്ങള്‍ അവര്‍ക്ക് മുന്നില്‍ ഉണ്ടാവും എന്നതില്‍ യാതൊരു സംശയവുമില്ല.  

* ഇപ്പോള്‍ രണ്ട് കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളും കോണ്‍ഗ്രസിനൊപ്പമാണ്. ഏതെങ്കിലും ഒരു വിഭാഗം വീണ്ടും ഇടത് മുന്നണിയിലേക്ക് വരും എന്ന് മുന്നണിയും സിപിഎമ്മും പ്രതീക്ഷിക്കുന്നുണ്ടോ?

രണ്ട് പാര്‍ട്ടികളായി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഒരേ മുന്നണിയിലാവുമ്പോള്‍ സ്വഭാവികമായിട്ടും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് മുന്‍കാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഇപ്പോള്‍ രണ്ട് പേരും അപ്പുറത്തെ മുന്നണിയിലാണ് നില്‍ക്കുന്നതെങ്കിലും നേരത്തെ പി ജെ ജോസഫിനൊപ്പം ഉണ്ടായിരുന്ന വലിയൊരു വിഭാഗം ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ച് ഇടതുപക്ഷത്തിനൊപ്പമാണ് വന്നുചേര്‍ന്നിരിക്കുന്നത്. രണ്ടുപാര്‍ട്ടികള്‍ക്കും ഒരേ മുന്നണിയില്‍ തുടരുന്ന സാഹചര്യം അധികകാലം തുടരുമെന്ന് കണക്കാക്കാനാകില്ല.

* ഏതെങ്കിലും വിഭാഗത്തെ സ്വാഗതം ചെയ്യുമോ?

ഇടത് മുന്നണി ഇപ്പോള്‍ ആരേയും സ്വാഗതം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. യുഡിഎഫിന്‍റെ കൂടെ നില്‍ക്കുന്നവരെ എങ്ങനെ ഞങ്ങള്‍ സ്വാഗതം ചെയ്യും? രാഷ്ട്രീയ അഭിപ്രായ വ്യത്യാസമില്ലാതെ, വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലുള്ള തര്‍ക്കത്തില്‍ ഇടപെടാന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല. ഇത് അവരുടെ നിലനില്‍പ്പിന്‍റെ ഭാഗമായ തര്‍ക്കം മാത്രമാണ്. 

* ഭരണത്തിന്‍റെ വിലയിരുത്തലാണ് എന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയുന്നു. പൊതുവേ നല്ല ഭരണമാണെങ്കിലും ചില സാഹചര്യങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്. ഈ പ്രശ്നം പാലായില്‍ പരിഹരിക്കാന്‍ കഴിയുമോ?

സര്‍ക്കാരിനെ കുറിച്ച് എവിടെയും ഒരു ഭരണവിരുദ്ധ വികാരമില്ല. കേരളത്തില്‍ ഇതിന് മുമ്പ് ഭരിച്ച സര്‍ക്കാരുകളോട് താരതമ്യപ്പെടുത്തി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു സര്‍ക്കാരാണ് പിണറായി വിജയന്‍റെ സര്‍ക്കാര്‍. ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. സാമൂഹിക നീതി ഉറപ്പ് വരുത്താനും സമഗ്ര വികസനം കാഴ്ചവെയ്ക്കാനും സമാധാന പൂര്‍ണമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും മുന്‍കൈ എടുത്ത സര്‍ക്കാരാണ് ഇടത് മുന്നണി സര്‍ക്കാര്‍. അടിസ്ഥാന വികസനങ്ങള്‍ക്കും ഈ സര്‍ക്കാര്‍ മികച്ച നടപടി സ്വീകരിച്ചിട്ടുണ്ട്. ദേശീയ പാത വികസന വിഷയത്തിലെ സ്തംഭനത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞത് സര്‍ക്കാരിന്‍റെ മികച്ച നേട്ടമാണ്. ഗതാഗത കുരുക്കില്ലാതെ കേരളത്തില്‍ എവിടെയും സഞ്ചരിക്കാന്‍ കഴിയുന്ന വികസനം കേരളത്തിലുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. മുടങ്ങികിടന്ന ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും സര്‍ക്കാറിന് കഴിഞ്ഞു.

ഗെയ്ല്‍ പദ്ധതി, ദേശീയ പാത വികസനം ഇങ്ങനെ സ്തംഭിച്ച് നിന്നിരുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്ന അവസ്ഥ ഉണ്ടാക്കാന്‍ ഇടത് സര്‍ക്കാറിന് കഴിഞ്ഞു എന്നത് ചിന്തിക്കുന്ന ജനങ്ങള്‍ക്ക് വികസനം നടത്തുന്ന സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന ബോധം ഉണ്ടായി കഴിഞ്ഞിട്ടുണ്ട്. മതനിരപേക്ഷതയുള്ള സമൂഹമുള്ള സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് തകര്‍ക്കാന്‍ ആര്‍എസ്എസിന് സാധിച്ചു. കേരളത്തില്‍ ഇടതുപക്ഷം ഉള്ളത് കൊണ്ടാണ് മതനിരപേക്ഷത തകര്‍ക്കാന്‍ കഴിയാത്തത്. അത് തകര്‍ന്നാല്‍, മത ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെയും പട്ടിക ജാതി പട്ടിക വര്‍ഗങ്ങളുടെയും ഭാവി എന്തായിരിക്കും. ഇതൊക്കെ ചര്‍ച്ച ചെയ്യുന്നത് കേരളീയ സമൂഹത്തിനുള്ളില്‍ ഇടത് പക്ഷമാണ് രാജ്യത്തിന്‍റെ ബദല്‍ നയം എന്ന് ചിന്ത വരുന്നുണ്ട്.

* ന്യൂനപക്ഷങ്ങളുടെ അടക്കം പിന്തുണ ആര്‍ജിച്ചുകൊണ്ട് ഒരു മതനിരപേക്ഷ സമൂഹം എന്ന അഭിപ്രായപ്രകടനമാണ് താങ്കള്‍ ഇപ്പോള്‍ നടത്തിയത്. പക്ഷേ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് പോലും കിട്ടാത്ത സാഹചര്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായി. പാലായില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമോ? 

കഴിഞ്ഞ തവണ ഞങ്ങള്‍ നടത്തിയ ക്യാമ്പെയ്ന്‍ ബിജെപിക്കെതിരെ ഒരു മതനിരപേക്ഷ സര്‍ക്കാര്‍ മുന്നോട്ട് വരണം എന്നാണ്. കേരളത്തില്‍ ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടാതെ ക്യാമ്പെയ്ന്‍ വിജയിച്ചു. പക്ഷേ നേട്ടം കിട്ടിയത് യുഡിഎഫിനാണ്. ജനങ്ങള്‍ കരുതിയത് ഇടത് പക്ഷത്തിന് വോട്ട് ചെയ്താല്‍ ദേശീയതലത്തില്‍ ബിജെപിക്ക് ബദല്‍ ശക്തിയാകാന്‍ കഴിയില്ലെന്നാണ്. കോണ്‍ഗ്രസ് ഒരു വലിയ കക്ഷിയാവാന്‍ കഴിയുമെങ്കില്‍ കഴിയട്ടെ എന്ന് കരുതിയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇടത് പക്ഷം നടത്തിയ ക്യാമ്പെയ്ന്‍ ദേശീയ തലത്തില്‍ ബിജെപിക്ക് എതിരായിട്ട് വന്നു. പക്ഷേ ഈ തവണ ഈ വിഷയം പ്രസക്തമല്ല. സര്‍ക്കാര്‍ അധികാരത്തില്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഒരു തെരഞ്ഞെടുപ്പല്ല ഇത്. ഇന്നത്തെ സാഹചര്യം പാലായില്‍ ഇടത് പക്ഷത്തിനൊപ്പമായിരിക്കും.

* പാലായില്‍ വിലയൊരു വോട്ട് വിഭാഗമാണ് ഈഴവര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണിക്ക് എസ്എന്‍ഡിപിയുടെ സഹായം കിട്ടി എന്നൊരു വിലയിരുത്തലുണ്ട്. ഇത്തവണ ബിഡിജെഎസ് ബിജിപിക്കൊപ്പമാണ്. എന്നാല്‍ തുഷാര്‍ കേസിലെ ഇടപെടല്‍ പാലായിലെ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും എന്ന് വിലയിരുത്തുന്നുണ്ടോ? 

ഏതെങ്കിലും സമുദായത്തെയോ മതത്തെയോ അടിസ്ഥാനമാക്കി വോട്ട് പിടിക്കുന്നവരല്ല ഇടത് മുന്നണി. എല്ലാ മതത്തിലും സമുദായത്തിലും മതനിരപേക്ഷതാ ബോധമുള്ള ആളുകളും തൊഴിലാളികളുമുണ്ട്. പാലാ മണ്ഡലം മുഖ്യമായും കാര്‍ഷിക പ്രധാന്യമുള്ള മണ്ഡലമാണ്. അവര്‍ക്കിടയില്‍ വ്യത്യസ്ത സമുദായത്തിലുള്ളവരും മതത്തില്‍പ്പെട്ടവരുമുണ്ട്.  സാധാരണ വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ ജാതി-മത അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന ഒരു സമീപനം ഇടതുപക്ഷം സ്വീകരിക്കാറില്ല. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇറങ്ങിചെല്ലുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കാറുള്ളത്. സ്വഭാവികമായും ഈ നിലപാടില്‍ എല്ലാ വിഭാഗങ്ങളിലുമുള്ള സാധാരണക്കാരുടെ ആകര്‍ഷകരാകും എന്നാണ് പാര്‍ട്ടി കരുതുന്നത്. 

* കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും ശബരിമല ഒരു പ്രധാന വിഷയമാക്കി ഉയര്‍ത്തി കൊണ്ടുവന്നിരുന്നു. അതിന്‍റെ ഗുണം യുഡിഎഫിന് ലഭിക്കുകയും ചെയ്തും. പക്ഷേ വലിയ തിരിച്ചടിയാണ് ഇടത് മുന്നണിക്ക് ഇത് ഉണ്ടാക്കിയത്.  സിപിഎം പ്രത്യേകമായി അതിനെ വിലയിരുത്തുകയും ചെയ്തു. ആ പ്രചാരണത്തെ ചെറുക്കുന്നതില്‍ ജാഗ്രത കുറവുണ്ടായി, പിന്നീട് വിശ്വാസികളുടെ വികാരം കൂടി മാനിക്കണമെന്ന് നിലപാടിലേക്ക് പാര്‍ട്ടി മാറുകയും ചെയ്തു. പക്ഷേ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇത് വിശ്വാസികളുടെയിടയില്‍ ഒരു ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഇടയില്ലേ?

ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് ആദ്യം മുതലേ ഉണ്ടായിരുന്ന  നിലപാട് വളരെ വ്യക്തമാണ്. കോടതി വിധി എന്തായിരുന്നാലും അത് നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. 1991 വരെ എല്ലാ പ്രായപരിധിയിലുള്ള സ്ത്രീകളും പ്രവേശിച്ചിരുന്ന ക്ഷേത്രമായിരുന്നു ശബരിമല.  91 ലെ ഹൈക്കോടതി വിധയാണ് നിശ്ചിര പ്രായ പരിധിയുലുള്ള സ്ത്രീകളെ വിലക്കിക്കൊണ്ടുള്ള തീരുമാനം പുറപ്പെടുവിച്ചത്. ആ കോടതി വിധി നടപ്പാക്കിയ സര്‍ക്കാരും ഇടത് പക്ഷമായിരുന്നു. ആ ഹൈക്കോതി വിധി ദുര്‍ബലപ്പെടുത്തി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചപ്പോള്‍, അത് പാലിക്കാനേ സര്‍ക്കാരിന് സാധിക്കൂ. 

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കഴിയില്ലെന്ന്  പറയാന്‍ ഒരു പാര്‍ട്ടിയില്‍പ്പെട്ട സര്‍ക്കാറിനും കഴിയില്ല. കോടതി വിധി നടപ്പാക്കില്ലെന്ന് പറയാന്‍ ബിജെപി-യുഡിഎഫ് സര്‍ക്കാറുകള്‍ക്കും കഴിയില്ല. കോടതി വിധി അനുസരിച്ച് മഹാരാഷ്ട്രയിലെ ശനി ശിംഗ്‍നാപൂർ ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചപ്പോള്‍ എന്തുകൊണ്ട് ബിജെപി അതിനെ അതിര്‍ത്തില്ല? ഏത് സര്‍ക്കാര്‍ ആണെങ്കിലും കോടതി വിധി നടപ്പാക്കാനുള്ള ബാധ്യതയുണ്ട്. ഇപ്പോഴും മുഖ്യമന്ത്രി പറഞ്ഞത്, സുപ്രീംകോടതിയിലുള്ള റിവ്യൂ ഹര്‍ജി പരിഗണിച്ച മറിച്ചൊരു തീരുമാനം കോടതി സ്വീകരിച്ചാല്‍ ആ തീരുമാനം സര്‍ക്കാര്‍ നടപ്പാകും. ഈ വിഷയത്തില്‍ ഇടത് മുന്നണിക്ക് യാതൊരു പിടിവാശിയുമില്ല. 

വിശ്വാസികളുടെ വിശ്വാസത്തിന് എതിരായിട്ടുള്ള ഒരു നിലപാടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. ഇനി സ്വീകരിക്കുകയുമില്ല. അതു കൊണ്ടാണ് ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇപ്രാവശ്യത്തെ ബജറ്റില്‍ 1071 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. ഇതെല്ലാം  അറിയുന്ന കേരളീയ ജനതയ്ക്ക് മുന്നില്‍ കമ്മ്യൂണിസ്റ്റുകാര്‍ വിശ്വാസികള്‍ക്ക് എതിരാണെന്ന് പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തുന്നത് ബോധപൂര്‍വ്വമായി നടത്തുന്ന ഒരു പ്രചാരവേലയാണ്. അത് തല്‍കാലികമായി നടപ്പാക്കാന്‍ കഴിഞ്ഞേക്കും, എന്നാല്‍ യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസ്സിലാക്കുമ്പോൾ വിശ്വാസികള്‍ തന്നെ ആയിരിക്കും പാലയില്‍ യുഡിഎഫിനും ബിജെപിക്കും തിരിച്ചടി നല്‍കുന്നത്.

* ഈ വിശദീകരണത്തിലൂടെ എതിര്‍ ചേരിയുടെ പ്രചാരണത്തില്‍ കുടുങ്ങിപ്പോയവരെ മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണോ?

ജനങ്ങളെ താല്‍കാലികമായി തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കും. എല്ലാ കാലത്തിലും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. ആ കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തെരഞ്ഞെടുപ്പിന്‍റെ ഘട്ടത്തില്‍ പ്രചരിപ്പിച്ചില്ല. എതിരാളികള്‍ എതിര്‍പ്രചരണം ശക്തമായി നടത്തി. വനിതാ മതിലില്‍ വലിയ ഒരു ജനവിഭാഗം പങ്കെടുത്തിരുന്നു. അത്തരത്തിലുള്ള ഒരു പ്രചാരണം ഞങ്ങള്‍ തുടര്‍ന്നില്ല. അതിന്‍റെ ഫലമായി എതിരാളികള്‍ക്ക് വീടുകളില്‍ കയറി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇതാണ് പാര്‍ട്ടി സ്വയം വിമര്‍ശനമായി പരിശോധിച്ചത്.

ഇത്തവണ മുഖ്യവിഷയം സര്‍ക്കാര്‍ നടത്തിയിരിക്കുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. അത് ഉന്നയിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിനെതിരായ പ്രചരണങ്ങള്‍ ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ ഒളിച്ചൊടാന്‍ പാര്‍ട്ടി തയ്യാറല്ല. ആശയപരമായിട്ട് തന്നെ അത്തരം കാര്യങ്ങള്‍ തുറന്ന് കാണിച്ച് വിശ്വാസികളുടെ പിന്തുണ തേടി ഞങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കും. വിശ്വാസ സമൂഹത്തിന് ഇടത് പക്ഷം ഒരിക്കലും എതിരല്ല. അക്കാര്യം തുറന്ന് പറഞ്ഞുള്ള പ്രചാരവേള പാര്‍ട്ടി പാലായില്‍ സംഘടിപ്പിക്കും. 

Follow Us:
Download App:
  • android
  • ios