തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നിലപാടുകൾക്ക് എതിരെയും പ്രക്ഷോഭം ശക്തിപ്പെടുത്താൻ ഒരുങ്ങി സിപിഎം. തീവ്രവാദത്തിനും മത ധ്രുവീകരണത്തിനും എതിരെ തുടര്‍ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം വിശാല കാഴ്ചപ്പാടുള്ള എല്ലാവരെയും സഹകരിപ്പിച്ച് താഴെ തട്ടിൽ വരെ പ്രതിഷേധ പരിപാടികളെത്തിക്കാൻ ഇടത് മുന്നണി മുൻകയ്യെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.  

പാര്‍ട്ടി നേതൃയോഗത്തിന് ശേഷം  പ്രധാനപ്പെട്ട തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കാനായിരുന്നു കോടിയേരിയുടെ വാര്‍ത്താസമ്മേളനം. കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ ഫെബ്രുവരി 18 ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പാചകവാതക വില വര്‍ദ്ധന കൂടി വന്ന സാഹചര്യത്തിൽ നിയോജകമണ്ഡല അടിസ്ഥാനത്തിൽ കേന്ദ്രസര്‍ക്കാര്‍ ഓഫീസിന് മുന്നിൽ പ്രതിഷേധം. 

മാര്‍ച്ച് 23 ന് ദേശീയ തലത്തിൽ ചൂഷണരഹിതവും എല്ലാവരേയും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കേരളത്തിൽ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ വിപുലമായ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കും. മാര്‍ച്ച് 15 വരെ വാര്‍ഡ് തലത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സും ഗൃഹസന്ദര്‍ശന പരിപാടിയും സംഘടപിക്കാനും തീരുമാനം ആയിട്ടുണ്ട്.

ബിജെപി അസമത്വം വളര്‍ത്തുകയാണ്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. കോര്‍പറേറ്റുകൾക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ആശ്വാസമാകുന്നത്. കാര്‍ഷിക മേഖലയിലടക്കം ബഹുജനങ്ങൾക്ക് ഇടയിൽ വലിയ അതൃപ്തിയാണ് ഉള്ളതെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. 

ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയത അഴിച്ച് വിടുന്നത്. ഇതിനെതിരായ ശക്തമായ ചെറുത്ത് നിൽപ്പാണ് റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ അണിനിരന്നത്. ഇടത് മുന്നണിയോട് ആഭിമുഖ്യമുള്ളവര്‍ മാത്രമല്ല മതന്യൂനപക്ഷങ്ങൾ അടക്കം വലിയവിഭാഗം ജനങ്ങൾ അണിനിരന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്കരിക്കുന്നത്. 

കേരളത്തിൽ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ ഹിന്ദുത്വ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നു. ഗൃഹസന്ദര്‍ശന പരിപാടികളുടെ ലക്ഷ്യം അതാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.  ആര്‍എസ്എസ് സംഘപരിവാര്‍ അജണ്ട ഒരു വശത്ത് നടക്കുമ്പോൾ ഇസ്ലാം മതവിഭാഗത്തിനിടക്കും മതമൗലിക വാദികൾ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ആര്‍എസ്എസ് ഒരു വശത്തും മതമൗലിക വാദികൾ മറുവശത്തും നിന്ന് നടത്തുന്ന ധ്രൂവീകരണത്തിനെതിരെ ശക്തമായ എതിര്‍ പ്രചരണമാണ് ഇടത് മുന്നണി ലക്ഷ്യമിടുന്നത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇത്തരം മതതീവ്രവാദ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനകളാണ്. ജയ് ശ്രീറാമിന് ഒപ്പം തന്നെ ബോലോ തക്ബീര്‍ വിളികളും ഒരുപോലെ അപകടകവും എതിര്‍ക്കപ്പെടേണ്ടതുമാണെന്നും കോടിയേരി പറഞ്ഞു. 

പൗരത്വ പ്രക്ഷോഭത്തിനെതിരെ വിശാലമായ യോജിപ്പ് വേണം. പക്ഷെ കോൺഗ്രസ് അതിന് സഹകരിക്കുന്നില്ല. യുഡിഎഫിലെ മതനിരപേക്ഷ വിഭാഗത്തെ കൂടി ഉൾക്കൊണ്ടുകൊണ്ടാകും ഇടത് മുന്നണിയുടെ തുടര്‍ പ്രക്ഷോഭമെന്നാണ് സിപിഎം തീരുമാനം. 

പിണറായി വിജയൻ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പരിപാടികൾ ഏറ്റെടുത്ത് ജനങ്ങളിലേക്കെത്തിക്കാനും ഫലപ്രദമാക്കാനും പാര്‍ട്ടി മുൻകയ്യെടുക്കും. ഗ്രാമസഭകളിലെ ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കാനടക്കം ബോധപൂര്‍വ്വം ഇടപെടലുണ്ടാകണം. വിശപ്പ് രഹിത കേരളം വിജയിപ്പിക്കാൻ ഇടത് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും കോടിയേരി ബാലകൃഷ്ണൻ ആഹ്വാനം ചെയ്തു.