തിരുവനന്തപുരം: മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് മുൻപെങ്ങുമില്ലാത്ത വിധം പ്രതിരോധത്തിലായ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സമിതിയോഗത്തിൽ രാജികത്ത് നൽകിയതായി വിവരം. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ സന്നദ്ധനാണെന്ന് കോടിയേരി അറിയിച്ചിരുന്നതായി നേരത്തെയും വാര്‍ത്ത വന്നിരുന്നു. ഇതിന് പുറകെയാണ് കോടിയേരി രാജിക്കത്തുമായി പാര്‍ട്ടിയോഗത്തിനെത്തിയത്. എന്നാൽ കോടിയേരി നിലവിൽ രാജി വക്കേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന ഘടകം കൈക്കൊണ്ടതെന്നാണ് സൂചന. 

അതിനിടെ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന ആരോപണവും കേസും നിലവിൽ ബിനോയ് ഒളിവിൽ പോയ സാഹചര്യവും അടക്കം വിവാദം വിശദമായി പാര്‍ട്ടിയോഗത്തിൽ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ആരോപണങ്ങളെല്ലാം വ്യക്തമാക്കിയ ശേഷം ആരോപണം വ്യക്തിപരമാണെന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചത്. 

ബിനോയ് വിഷയത്തിൽ ഇടപെട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി. കേസ് ബിനോയ് വ്യക്തിപരമായി നേരിടട്ടെ .ഒരു തലത്തിലും പാര്‍ട്ടിയെന്ന നിലയിലോ താനോ കേസിൽ ഇടപെട്ടിട്ടില്ല. ബിനോയിക്ക് ഒരു സഹായവും നൽകിയുമില്ല. മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണുമെന്നും കോടിയേരി അറിയിച്ചിട്ടുണ്ട്. 

അതിനിടെ കോടിയേരി ബാലകൃഷ്ണൻ രാജിവയ്ക്കില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വവും വ്യക്തമാക്കി. രാജി സന്നദ്ധത അറിയിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സിപിഎം കേന്ദ്ര നേതൃത്വം വിശദീകരിച്ചു. കേസ് ബിനോയി കോടിയേരി തന്നെ നേരിടും. കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിൽ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും സിപിഎം കേന്ദ്ര നേതൃത്വം നിലപാടെടുത്തു.