തിരുവനന്തപുരം: മകനെതിരായ ആരോപണങ്ങൾ ഉയർത്തി മാനസികമായി തകർക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.അന്വേഷണത്തിൽ ഇടപെടില്ലെന്നും മകൻ കുറ്റക്കാരനെന്ന് കണ്ടാൽ ശിക്ഷിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.ആരോപണം ഉയർത്തുന്നവർ തെളിവുകൾ കൂടി നൽകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ബിനീഷ് കോടിയേരിക്കെതിരായ എൻഫോഴ്സ്മെന്‍റ് അന്വേഷണത്തിലായിരുന്നു മറുപടി.

കേരളത്തിലെ ഇടത് സർക്കാരിനെ അട്ടിമറിക്കാനുള്ള കോർപ്പറേറ്റ് ഗൂഢാലോചനയാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പൊതുമേഖലയെ സംരക്ഷിച്ച് നിർത്തുന്ന കേരളത്തിലെ ഇടത് സർക്കാർ നിലപാട് മൂലം സ്വകാര്യ മേഖലയ്ക്ക് കേരളത്തിലേക്ക് വരാൻ സാധിക്കുന്നില്ല. കോൺഗ്രസിനും ബിജെപിക്കും മൂലധന സഹായം ലഭ്യമാക്കി സമരങ്ങളിലൂടെ സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.