Asianet News MalayalamAsianet News Malayalam

'രവീന്ദ്രൻ പട്ടയം റദ്ദാക്കിയ തീരുമാനം സിപിഎമ്മിന്റേത്, ആരെയും ഒഴിപ്പിക്കില്ല': കോടിയേരി

'പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ല. പട്ടയം നഷ്ടപ്പെട്ടവർ വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം'.-കോടിയേരി

kodiyeri balakrishnan response on raveendran pattayam cancelled order
Author
Kochi, First Published Jan 20, 2022, 11:37 AM IST

കൊച്ചി: വിവാദ രവീന്ദ്രൻ പട്ടയത്തിന്മേൽ (Raveendran Pattayam) സിപിഐ-സിപിഎം പോര് കടുക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). രവീന്ദ്രൻ പട്ടയം റദ്ദാക്കിയ സർക്കാർ നടപടി സിപിഎമ്മിന്റെ തീരുമാനം തന്നെയാണെന്ന് കോടിയേരി അറിയിച്ചു. പട്ടയം റദ്ദാക്കിയ നടപടി 2019 ൽ എടുത്ത തീരുമാനത്തിന് ഭാഗമാണെന്നും ഇടുക്കി ജില്ലയിലെ സിപിഎമ്മിലും സിപിഐയിലുമുണ്ടായ ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.  

രവീന്ദ്രൻ പട്ടയത്തെ കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്റെ നിയമസാധുത പരിശോധിക്കുകയായിരുന്നു ലക്ഷ്യം. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ല. പട്ടയം നഷ്ടപ്പെട്ടവർ വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. നിയമപരമായി പരിശോധനകൾ നടത്തിയശേഷം വീണ്ടും പട്ടയം നൽകും. ഇതിന്റെ പേരിൽ ആരെയും ഒഴിപ്പിക്കാൻ സർക്കാർ തീരുമാനമില്ല. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ എന്നത് ഇപ്പോൾ പറയാനാവില്ലെന്നും കോടിയേരി അറിയിച്ചു. 

നേരത്തെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം എം മണി രംഗത്തെത്തിയിരുന്നു. പട്ടയങ്ങൾ രവീന്ദ്രൻ സ്വന്തം ഇഷ്ടപ്രകാരം വിതരണം ചെയ്തതല്ലെന്നും ഇടതു സർക്കാർ നാട്ടുകാർക്ക് നൽകിയതാണെന്നുമാണ് എംഎം മണി പ്രതികരിച്ചത്. സർക്കാർ ഉത്തരവിന്റെ സാധുത തന്നെ പരിശോധിക്കപ്പെടണം. പട്ടയം കിട്ടിയവർ ഈ ഉത്തരവിനെതിരെ കോടതിയിൽപ്പോകും. പട്ടയ ഭൂമിയിലെ പാർട്ടി ഓഫീസിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്നുമാണ്  അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. 

Raveendran Pattayam : പട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവിൽ പോരടിച്ച് സിപിഎമ്മും സിപിഐയും;​ ഗൂഢാലോചനയെന്ന് രവീന്ദ്രൻ

ഇതിനിടെ സിപിഐക്കെതിരെ ഗുരുതര ആരോപണവുമായി അന്നത്തെ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രനും രംഗത്തെത്തി. പട്ടയം റദ്ദാക്കുന്നത് സി പിഎം ഓഫീസ് ഒഴിപ്പിക്കാൻ ആണെന്നായിരുന്നു  എം ഐ രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. സിപിഎം - സിപിഐ പോര് എന്ന നിലയിലേക്ക് പട്ടയം റദ്ദാക്കൻ നടപടിയെത്തിയ സാഹചര്യത്തിലാണ് കോടിയേരി തന്നെ നിലപാട് വ്യക്തമാക്കിയെത്തിയത്. 

Raveendran Pattayam : രവീന്ദ്രൻ പട്ടയം റദ്ദാക്കൽ; വിമർശനവുമായി മുൻ റവന്യൂമന്ത്രി കെ ഇ ഇസ്മയിൽ

Follow Us:
Download App:
  • android
  • ios