Asianet News MalayalamAsianet News Malayalam

കോടിയേരിയെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി; കൊണ്ടുപോയത് എയര്‍ ആംബുലന്‍സില്‍

രാവിലെ മുതൽ മുഖ്യമന്ത്രി അടക്കമുള്ള മുതിർന്ന സിപിഎം നേതാക്കൾ എകെജി സെന്‍ററിന് സമീപത്തുള്ള ചിന്ത ഫ്ലാറ്റിലെത്തി കോടിയേരിയെ സന്ദർശിച്ചു.

kodiyeri balakrishnan shifted to chennai apollo hospital
Author
First Published Aug 29, 2022, 1:48 PM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയി. എയർ ആംബുലൻസ് മാർഗമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബന്ധുക്കളും അപ്പോളോ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു. രാവിലെ മുതൽ മുഖ്യമന്ത്രി അടക്കമുള്ള മുതിർന്ന സിപിഎം നേതാക്കൾ എകെജി സെന്‍ററിന് സമീപത്തുള്ള ചിന്ത ഫ്ലാറ്റിലെത്തി കോടിയേരിയെ സന്ദർശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുതിര്‍ന്ന നേതാക്കളുമടക്കം നിരവധി പേര്‍ ചികില്‍സക്ക് പോകുംമുമ്പ് കോടിയേരിയെ കാണാനെത്തി. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞത്. എംവി ഗോവിന്ദനാണ് പകരം ചുമതല നല്‍കിയത്. അര്‍ബുദത്തെ തുടര്‍ന്ന് കോടിയേരി നേരത്തെയും അവധിയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സക്ക് ശേഷമാണ് കോടിയേരി വീണ്ടും പദവിയേറ്റെടുത്തത്. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സക്കായാണ് യാത്ര. ചിലപ്പോൾ സമയം നീണ്ടേക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് കോടിയേരി വീട്ടിലെത്തിയത്. ശേഷം ഇന്നലെ നടന്ന സി പി എം സംസ്ഥാന നേതൃയോഗങ്ങളിലാണ് സെക്രട്ടറി പദം അദ്ദേഹം ഒഴിഞ്ഞത്. കോടിയേരി ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകുമ്പോൾ വേഗം സുഖപ്പെടട്ടെ എന്ന ആഗ്രഹമാണ് കേരളം പങ്കുവയ്ക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളും കോടിയേരിയുടെ അസുഖം മാറാനായി ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.

മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിർത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു. 

മുൻ മന്ത്രിമാർ വേണ്ട, പരിഗണന പുതുമുഖങ്ങൾക്ക്; പുതിയ മന്ത്രിയിൽ തീരുമാനം വെള്ളിയാഴ്ച, സാധ്യതകളിങ്ങനെ

Follow Us:
Download App:
  • android
  • ios