കൊച്ചി: ഒഴിഞ്ഞുപോകാൻ മണിക്കൂറുകൾമാത്രം ശേഷിക്കെ  മരടിലെ ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികൾ. സിപിഎമ്മും കോൺഗ്രസും ബിജെപിയും  രംഗത്ത്. രാവിലെ ഫ്ലാറ്റിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉടമകളുമായി വിശദമായ കൂടിക്കാഴ്ച നടത്തി. 

ഫ്ലാറ്റ് പൊളിച്ചുമാറ്റുന്നതിന് എതിരായി നടക്കുന്ന സമരങ്ങൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൂര്‍ണ്ണ പിന്തുണ നൽകി. ഇക്കാര്യത്തിൽ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകി. നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയ തര്‍ക്കം പ്രശ്നത്തിന് പരിഹാരമാകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

രജിസ്ട്രേഷൻ അടക്കം നടപടികളെല്ലാം പൂര്‍ത്തിയാക്കി ഫ്ലാറ്റ് വാങ്ങി താമസിക്കുന്നവര്‍ക്ക് എതിരെ നടപടി എടുക്കുന്നത് വിചിത്രമായ കാര്യമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഫ്ലാറ്റ് ഉടമകൾക്ക് പറയാനുള്ളത് കേൾക്കാതെയാണ് സുപ്രീംകോടതി വിധി. ഒറ്റക്ക് ഇറങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സിപിഎം ഒപ്പമുണ്ടാകുമെന്നും സമരക്കാരോട് ഉറപ്പ് നൽകിയാണ് കോടിയേരി മടങ്ങിയത് .