Asianet News MalayalamAsianet News Malayalam

കൊടുവള്ളിയിൽ നഗരസഭാ അധ്യക്ഷൻ തൽക്കാലത്തേക്ക്, ലീഗ് തന്ത്രമിങ്ങനെ

മൂന്ന് തവണയിൽ കൂടുതൽ മത്സരിക്കരുതെന്ന ലീഗ് നിർദേശം മറികടക്കാൻ എ പി മജീദ് മാസ്റ്റർ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു. ജയിച്ചു. സംസ്ഥാനനേതൃത്വം ഇടഞ്ഞതോടെ തൽക്കാലം പ്രാദേശികനേതൃത്വം ഉണ്ടാക്കിയ സമവായമിങ്ങനെ..

koduvally municipality chairman election league karat faisal have not voted
Author
Koduvally, First Published Dec 28, 2020, 2:32 PM IST

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി നഗരസഭയില്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം പൂര്‍ണ്ണമായും നടപ്പിലാക്കാതെ പ്രദേശിക ഘടകം. വെള്ളറ അബ്ദുവിനെ ചെയര്‍മാനാക്കിയത് രണ്ട് മാസത്തേക്ക് മാത്രമാണെന്നാണ് കോഴിക്കോട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് തവണയില്‍ കൂടുതല്‍ മത്സരിക്കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച എപി മജീദ് മാസ്റ്ററെ ചെയര്‍നാക്കാനുള്ള പ്രദേശിക ഘടകത്തിന്‍റെ തന്ത്രമാണ് ഇതിനു പിന്നില്‍. 

ഇതിനിടെ, ഇടതുമുന്നണിയിൽ നിന്ന് വിട്ട് വിമതനായെത്തി ജയിച്ച കാരാട്ട് ഫൈസൽ നഗരസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ മടങ്ങി. വോട്ട് ചെയ്തില്ലെങ്കിലും കൊടുവള്ളി ലീഗിന് തന്നെ കിട്ടുമെന്ന് ഉറപ്പായതിനാൽ ഫൈസൽ വോട്ടെടുപ്പിൽ പങ്കെടുക്കാതിരിക്കുന്നത് കൊണ്ട് മുന്നണികൾക്ക് ആശങ്കയൊന്നുമുണ്ടായിരുന്നില്ല. ഇടതുമുന്നണിക്ക് സ്ഥാനാർത്ഥിയുണ്ടായിട്ടും ഒറ്റവോട്ട് പോലും കിട്ടാതെ വോട്ടെല്ലാം കിട്ടിയത് കാരാട്ട് ഫൈസലിനായിരുന്നു. തുടർന്ന് കാരാട്ട് ഫൈസൽ മത്സരിച്ച് ജയിച്ച ചുണ്ടപ്പുറം ഡിവിഷൻ ഉൾപ്പെട്ട ചുണ്ടപ്പുറം ബ്രാഞ്ച് സിപിഎം പിരിച്ചു വിട്ടിരുന്നു. ആദ്യം എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്‍റെ സ്ഥാനാർത്ഥിത്വം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് സംസ്ഥാനനേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചതാണ്. ഫൈസലിന് പകരം ഐഎൻഎൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒ പി റഷീദാണ് പതിനഞ്ചാം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ചത്. 

മൂന്ന് തവണയില്‍ കൂടുതല്‍ മത്സരിക്കരുതെന്ന ലീഗ് നിര്‍ദ്ദേശം മറികടക്കാനാണ് യുഡിഎഫ് സ്വതന്ത്രനായി എപി മജീദ് മത്സരിച്ചത്. ചെയര്‍മാന്‍ സ്ഥാനമായിരുന്നു ലക്ഷ്യം. മുസ്ലിം ലീഗ് കൊടുവള്ളി നഗരസഭാ കമ്മിറ്റിയുടെ പിന്തുണയും മജീദിനായിരുന്നു. എന്നാല്‍ മജീദിനെ ചെയര്‍മാനാക്കരുതെന്ന് സംസ്ഥാന നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതേത്തുടര്‍ന്നാണ് വെള്ളറ അബ്ദുവിനെ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചത്. മജീദിനോട് കൂറുപുലര്‍ത്തുന്ന വെള്ളറ അബ്ദുവിനെ ചെയര്‍മാനാക്കിയത് രണ്ട് മാസത്തേക്ക് മാത്രം. എ പി മജീദിനെ പിന്നീട് ചെയര്‍മാന്‍ സ്ഥാനത്ത് എത്തിക്കുവാനുള്ള നീക്കമാണ് ഇതിനു പിന്നില്‍.

കൊടുവള്ളി ഒന്നാം വാര്‍ഡ് പന്നിക്കോട് നിന്നാണ് യുഡിഎഫ് സ്വതന്ത്രനായി എപി മജീദ് ജയിച്ചത്. മുപ്പത്താറംഗ കൊടുവള്ളി നഗരസഭയില്‍ യുഡിഎഫിന് 25 സീറ്റുണ്ട്. ഇതില്‍ 19 ഉം മുസ്ളീം ലീഗിനാണ്. ഒറ്റകക്ഷിയായാല്‍ പോലും ഭരണം ലീഗിന് ഭരണം നടത്താം. പ്രാദേശിക നേതൃത്ത്വത്തിന്‍റെ പിന്തുണയോടെ ചെയര്‍മാന്‍ സ്ഥാനം രണ്ട് മാസത്തിന് ശേഷം കയ്യാളാമെന്ന കണക്കൂട്ടലിലാണ് എ പി മജീദ് പക്ഷം.

Follow Us:
Download App:
  • android
  • ios