Asianet News MalayalamAsianet News Malayalam

പാമ്പിന്‍റെ ഫണത്തില്‍ പിടിച്ച് ഉത്രയുടെ കൈയ്യിൽ കടുപ്പിച്ചത് സൂരജ്, ആ ദിവസം സംഭവിച്ചത്

2020 മാര്‍ച്ച് മാസത്തില്‍ അടൂരിലുളള സൂരജിന്‍റെ വീട്ടില്‍ വച്ച് ഉത്രയെ അണലി കടിച്ചിരുന്നു .പക്ഷേ ഉത്ര രക്ഷപ്പെട്ടു. ആ സംഭവവും ആസൂത്രിതമായി താന്‍ നടപ്പാക്കിയതാണെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു.

kollam  Anchal uthra case snake bite murder court verdict doday
Author
Kollam, First Published Oct 11, 2021, 7:24 AM IST

ത്രയുടെ ദാരുണമായ കൊലപാതകം (uthra case) നടന്ന് ഏതാണ്ട് ഒന്നര വര്‍ഷത്തോളം പിന്നിടുമ്പോഴാണ് കേസിലെ വിധി (court verdict ) വരുന്നത്. അസാധാരണവും അവിശ്വസനീയവുമെന്ന് തോന്നുന്ന കേസിന്‍റെ നാള്‍ വഴികളിലൂടെ ഒരിക്കല്‍ കൂടി.

2020 മെയ് 7, അഞ്ചല്‍ ഏറം- അവിശ്വസനീയമായ ഒരു മരണ വാര്‍ത്തയാണ് കൊല്ലം അഞ്ചിലിൽ നിന്നും  പുറത്ത് വന്നത്. ഒരു തവണ പാമ്പു കടിയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവതി കഷ്ടിച്ച് ഒന്നര മാസത്തെ ഇടവേളയില്‍ വീണ്ടും പാമ്പിന്‍റെ കടിയേറ്റ് മരിച്ചു എന്ന വാര്‍ത്ത. ഏറം സ്വദേശികളായ വിജയസേനന്‍റെയും മണിമേഖലയുടെയും ഇരുപത്തിമൂന്നുകാരിയായ മകള്‍ ഉത്രയാണ് മരിച്ചത്. തനിക്കും കുഞ്ഞിനുമൊപ്പം സ്വന്തം വീടിന്‍റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ഉത്രയെ ജനലിലൂടെ വീടിനുളളില്‍ കയറിയ മൂര്‍ഖന്‍ കടിച്ചു എന്ന ഭര്‍ത്താവ് സൂരജിന്‍റെ പ്രചാരണത്തില്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ആദ്യം സംശയമൊന്നും തോന്നിയിരുന്നില്ല.

പക്ഷേ ഉത്രയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞതോടെ പാമ്പു കടിച്ചുവെന്ന സൂരജിന്‍റെ കഥയില്‍ സംശയങ്ങള്‍ ഉയര്‍ന്നു തുടങ്ങി. മരണാനന്തര ചടങ്ങുകളിലെ സൂരജിന്‍റെ അമിതാഭിനയമാണ് ഉത്രയുടെ ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചത്. പാമ്പുകളോടുളള സൂരജിന്‍റെ ഇഷ്ടത്തെ കുറിച്ചുളള ചില സൂചനകളും കൂടി കിട്ടിയതോടെ പൊലീസിനെ സമീപിക്കാന്‍ ഉത്രയുടെ കുടുംബം തീരുമാനിക്കുകയായിരുന്നു. അതാണ് ഒരു ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ചത്. 

അഞ്ചല്‍ പൊലീസിനെയാണ് ഉത്രയുടെ കുടുംബം ആദ്യം സമീപിച്ചത്. പക്ഷേ ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്‍റെ ദിശ മാറുന്നെന്ന് സംശയം ഉയര്‍ന്നതോടെ ഉത്രയുടെ കുടുംബം അന്നത്തെ കൊട്ടാരക്കര റൂറല്‍ എസ് പി ഹരിശങ്കറിനു മുന്നില്‍ പരാതിയുമായി നേരിട്ടെത്തി. മികച്ച കുറ്റാന്വേഷകന്‍ എന്ന  പേരു കേട്ട ജില്ലാ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി എ.അശോകന്‍റെ നേതൃത്വത്തില്‍ പുതിയ സംഘം കേസ് അന്വേഷണം ഏറ്റെടുത്തു.

അന്നാണ് ഉത്രയുടെ കുടുംബത്തിന്‍റെ സംശയം ശരിവച്ചു കൊണ്ട് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലും അറസ്റ്റും നടന്നത്. പാമ്പുപിടുത്തക്കാരനില്‍ നിന്ന് പണം കൊടുത്തു വാങ്ങിയ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചു കൊല്ലുകയായിരുന്നു എന്ന അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍ നടുക്കത്തോടെയാണ് കേരളം അറിഞ്ഞത്. സൂരജും,സഹായിയായ പാമ്പു പിടുത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റിലായി.

2020 മാര്‍ച്ച് മാസത്തില്‍ അടൂരിലുളള സൂരജിന്‍റെ വീട്ടില്‍ വച്ച് ഉത്രയെ അണലി കടിച്ചിരുന്നു .പക്ഷേ ഉത്ര രക്ഷപ്പെട്ടു. ആ സംഭവവും ആസൂത്രിതമായി താന്‍ നടപ്പാക്കിയതാണെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു. മരണം ഉറപ്പാക്കാനാണ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങി രണ്ടാമത് കടിപ്പിച്ചതെന്നും സംശയങ്ങള്‍ ഒഴിവാക്കാനാണ് ഉത്രയുടെ വീട്ടില്‍ വച്ചു തന്നെ കൊലപാതകം നടത്തിയതെന്നും സൂരജ് പറഞ്ഞു. 

മരിക്കുന്നതിന്‍റെ തലേന്ന് രാത്രിയോടെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി സൂരജ് നല്‍കി. ശേഷം മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചിരുന്ന ബാഗ് കാറില്‍ നിന്ന് എടുത്ത് കട്ടിലിന് അടിയിലേക്ക് മാറ്റി. അര്‍ധരാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പിച്ച ശേഷമാണ് ഉത്രയെ കൊല്ലാനുളള നീക്കങ്ങള്‍ സൂരജ് തുടങ്ങിയത്. കട്ടിലിനടയിലെ ബാഗില്‍ ഒരു പ്ലാസ്റ്റിക് ഭരണയിലാണ് മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചിരുന്നത്. രാത്രി പാമ്പിനെ എടുത്ത ശേഷം  ഉറങ്ങിക്കിടക്കുകയായിരുന്ന ഉത്രയുടെ ശരീരത്തിലേക്ക് മൂര്‍ഖന്‍ പാമ്പിനെ കുടഞ്ഞിട്ടു. പക്ഷേ പാമ്പ് ഉത്രയെ കടിച്ചില്ല. ഇതോടെ പാമ്പിന്‍റെ ഫണത്തില്‍ പിടിച്ച് ഉത്രയുടെ കൈയില്‍ താന്‍ കടിപ്പിക്കുകയായിരുന്നെന്ന്  സൂരജ് വിശദീകരിച്ചു. അതിനു ശേഷം പാമ്പിനെ മുറിയിലെ അലമാരയ്ക്കടിയിലേക്ക് വലിച്ചെറിഞ്ഞു. പാമ്പ് തിരികെയെത്തി തന്നെ കടിക്കുമോ എന്ന പേടിയില്‍  ഇരുകാലുകളും കട്ടിലില്‍ എടുത്തു വച്ച് രാത്രി മുഴുവന്‍ താന്‍  ഉറങ്ങാതെ ഉത്രയുടെ മൃതശരീരത്തിനൊപ്പം ഇരുന്നെന്നും സൂരജ് പൊലീസിനോട് പറഞ്ഞു.

സൂരജിന് പാമ്പിനെ നല്‍കിയ സുരേഷും ആദ്യം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. പക്ഷേ സ്വന്തം ഭാര്യയെ കൊല്ലാന്‍ വേണ്ടിയാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്ന മൊഴി മുഖവിലയ്ക്കെടുത്ത കോടതി സുരേഷിനെ മാപ്പു സാക്ഷിയാക്കി. രാജ്യത്തിന്‍റെയോ ഒരു പക്ഷേ ലോകത്തിന്‍റെയോ തന്നെ കുറ്റാന്വേഷണ ചരിത്രത്തിലെ  അപൂര്‍വതയാണ് ഉത്ര വധക്കേസ്. അന്വേഷണ വഴികളിലും കോടതി നടപടികളിലുമെല്ലാം ഈ പ്രാധാന്യം ഉള്‍ക്കൊണ്ടു തന്നെയാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനുമെല്ലാം മുന്നോട്ടു പോയതും. ഇനി അറിയാനുളളത് നീതിപീഠത്തിന്‍റെ അന്തിമ വിധിയാണ്.

Follow Us:
Download App:
  • android
  • ios