കൊല്ലം: കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൾ നാസർ സ്വയം നിരീക്ഷണത്തിൽ. കൊവിഡ് രോഗിയുമായി പ്രാഥമിക ബന്ധമുള്ള ആൾ ഓഫീസിൽ  എത്തിയതിനെ തുടർന്നാണ് കളക്ടർ സ്വയം ക്വാറന്‍റീനില്‍ പ്രവേശിച്ചത്. കളക്ടറേറ്റ് ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.

സെക്കന്ററി കോണ്‍ടാക്റ്റ് മാത്രമാണെന്നും പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റീനില്‍ പോവുകയാണെന്ന് കൊല്ലം കളക്ടര്‍ അറിയിച്ചു. കളക്ടറേറ്റില്‍ കൊവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി പ്രാഥമിക ബന്ധമുള്ള വ്യക്തി വന്നത് കൊണ്ട് തത്കാലത്തേക്ക് സ്വയം നിരീക്ഷണത്തില്‍ വീട്ടില്‍ കഴിയുകയാണെന്നാണ് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മറ്റുള്ളവരെ ഡിഎംഒ അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. 

കൊല്ലം ജില്ലയിൽ ഇന്നലെ 22 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് പേർക്കും ഉൾപ്പെടെയാണ് രോഗം കണ്ടെത്തിയത്. സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ച പതിനൊന്ന് പേരില്‍ മൂന്ന് പേരുടെയും ഉറവിടം വ്യക്തമല്ല. മയ്യനാട് സ്വദേശിയായ ചെങ്ങന്നൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ കണ്ടക്ടര്‍ക്കും കുന്നത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയും ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.