Asianet News MalayalamAsianet News Malayalam

ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ, അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്; കേരളബാങ്കിന് മുന്നിൽ പ്രതിഷേധം ശക്തമാകും

വിവിധ സംഘടനകൾ കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.

kollam college student abhirami suicide, post mortem held today details, protest in front of kerala bank
Author
First Published Sep 21, 2022, 2:37 AM IST

കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനം നൊന്ത് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകൾ കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.

നാലുവർഷം മുൻപ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ കേരള ബാങ്കിന്‍റെ പാതാരം ശാഖയിൽ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ വായ്പ മുടങ്ങിയതാണ് അഭിരാമിയുടെ ജീവൻ നഷ്ടമാകുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത്. കൊവിഡ് കാലത്ത് അജിത്കുമാറിന്‍റെ ജോലി പോയതാണ് പ്രശ്നങ്ങളുടെ തുടക്കം. അജിത്കുമാറിന്‍റെ ജോലി പോയതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കൾ പറയുന്നു. ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവർക്ക് നോട്ടീസ് നൽകി. തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കോളേജിൽ നിന്ന് എത്തിയ അഭിരാമി നോട്ടീസ് കണ്ടതിനുശേഷം മുറിയിൽ കയറി കതകടച്ചു. തുറക്കാതായതോടെ അയൽവാസികളെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

വീട് പണിയാനെടുത്ത ലോൺ മകളുടെ ജീവനെടുത്തു; കോളേജിൽ നിന്നെത്തിയപ്പോൾ ജപ്തി നോട്ടീസ്, അഭിരാമിക്ക് സഹിക്കാനായില്ല

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ അഭിരാമിയുടെ മൃതദേഹം സംസ്കരിക്കും. അതേസമയം സിംബോളിക് പൊസഷൻ എന്ന നടപടി മാത്രമാണ് നടന്നതെന്നാണ് ബാങ്ക് ജീവനക്കാരുടെ വിശദീകരണം. പത്രത്തിലടക്കം പരസ്യം നൽകിയ ശേഷം മാത്രമേ ബാങ്ക് ജപ്തിയിലേക്ക് നീങ്ങുമായിരുന്നുള്ളുവെന്നും ജീവനക്കാർ പറയുന്നു. എന്നാൽ പെണ്‍കുട്ടിയുടെ മരണത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകൾ ഇന്ന് ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

ഹൈക്കോടതിയിൽ സർക്കാരിന്‍റെ ഉറപ്പ്; സഭ തർക്കത്തിൽ പരിഹാരം നടപ്പാകുമോ? ഇന്ന് മുഖ്യമന്ത്രി വിളിച്ച നിർണായക യോഗം

Follow Us:
Download App:
  • android
  • ios