കൊല്ലം കടയ്ക്കലിൽ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികളമായുള്ള തര്‍ക്കത്തിൽ കൂടുതൽ ആരോപണവുമായി വീട്ടുടമ പ്രിയ വിനോദ്. മുപ്പതോളം മദ്യപ സംഘത്തിന്റെ കാവലിലാണ് 183 അമിത ഭാരമുള്ള കല്ലുകൾ എനിക്ക് ഇറക്കേണ്ടി വന്നതെന്ന് പ്രിയ വിനോദ്
തിരുവനന്തപുരം: കൊല്ലം കടയ്ക്കലിൽ വീടു നിര്‍മാണത്തിനുള്ള ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികളമായുള്ള തര്‍ക്കത്തിൽ കൂടുതൽ ആരോപണങ്ങളുമായി പ്രിയ വിനോദ്. തനിക്കുണ്ടായ നടുക്കുന്ന അനുഭവം വീട്ടുടമയും മുൻ കേന്ദ്രീയ വിദ്യാലയം അധ്യാപികയുമായ തച്ചോണം പ്രിയ നിവാസിൽ പ്രിയ വിനോദ് (48) ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ വിശദീകരിച്ചു. ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികളുമായുള്ള തർക്കത്തെ തുടർന്ന് പ്രിയ രാത്രിയിൽ ഒറ്റയ്ക്ക് ലോഡ് ഇറക്കിയ സംഭവത്തിലാണ് കൂടുതൽ വെളിപ്പെടത്തലുമായി രംഗത്തെത്തിയത്.
മുപ്പതോളം മദ്യപ സംഘത്തിന്റെ കാവലിലാണ് 183 അമിത ഭാരമുള്ള കല്ലുകൾ എനിക്ക് ഇറക്കേണ്ടി വന്നതെന്നും വനിതാ വാർഡ് മെമ്പറും ആ കൂട്ടത്തിലുണ്ടായിരുന്നുവെന്നും പരാതിക്കാരി പ്രിയ വിനോദ് പറഞ്ഞു. വന്നത് സിഐടിയു തൊഴിലാളികളായിരുന്നെങ്കിലും അവര്‍ക്ക് യൂണിഫോമോ ലൈസന്‍സോ ഒന്നും ഉണ്ടായിരുന്നില്ല. മദ്യപിച്ചായിരുന്നു സംഘമെത്തിയത്. സിപിഎം വാര്‍ഡ് അംഗവും തടയാനെത്തിയിരുന്നു. ഓടുമായി എത്തിയവരെ ഇവര്‍ ഭീഷണിപ്പെടുത്തി. ജീവിക്കാൻ സിഐടിയുവിന് കപ്പം കൊടുക്കേണ്ട അവസ്ഥയാണ്. നാട്ടിൽ പിണറായിസം വളർത്താൻ ഞങ്ങൾ കപ്പം കൊടുക്കണമോ? ലക്ഷങ്ങൾ ചെലവാക്കി വീട് വെക്കുന്നത് ഇവരാരിൽ നിന്നും വാങ്ങിയിട്ടല്ലെന്നും പരാതിക്കാരി പ്രിയ വിനോദ് ന്യൂസ് അവറിൽ തുറന്നടിച്ചു.
അഞ്ചുവര്‍ഷമായി വീടുപണി തുടങ്ങിയിട്ടെന്നും സ്വന്തമായി ജോലിക്കാരെ നിര്‍ത്തിയാണ് വീട് നിര്‍മിക്കുന്നത് ആര്‍ക്കും കരാര്‍ കൊടുത്തിട്ടില്ലെന്നും പ്രിയ വിനോദ് പറഞ്ഞു. ആദ്യം ചെറിയ വണ്ടിയിലാണ് ടൈൽസ് കൊണ്ടുവന്നത്. അവര്‍ക്ക് ഒരാളിന് ഒരു കുപ്പിയെടുക്കാൻ എത്രയെന്ന് നോക്കിയാണ് തുക നൽകേണ്ടത്. 12500 രൂപയാണ് അന്ന് ചോദിച്ചത്. നൽകില്ലെന്ന് പറഞ്ഞപ്പോള്‍ 8500 രൂപ വേണമെന്ന് പറഞ്ഞു
പിന്നീട് അവരോട് നേതാക്കള്‍ ആരെങ്കിലുമുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു. നേതാവ് എത്തിയശേഷം വീണ്ടും വിലപേശൽ നടത്തി 5000 രൂപയാക്കി. ഇത്തരത്തിൽ പണം വാങ്ങുന്നതിന് മാനദണ്ഡമില്ലെയെന്ന് ചോദിച്ചപ്പോള്‍ ഇവിടെ പണം പിരിക്കുന്നതിന് അവരുടേതായ ചട്ടക്കൂട് ഉണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു അവരുടെ മറുപടി. ഇവരാണ് നിയമം, ഇവരാണ് പൊലീസ്, ഇവരാണ് കോടതി, ഇവരാണ് രാജ്യം എന്ന് പറഞ്ഞിരുന്നാൽ പാവങ്ങള്‍ക്ക് ഇങ്ങനെ പണം നൽകാനാകില്ല. ഒടുവിൽ അന്ന് 3850 രൂപ നൽകി. ബില്ല് വേണമെന്ന് പറഞ്ഞെങ്കിലും നൽകിയില്ല.
ഫെബ്രുവരിയിലാണ് ഈ സംഭവം നടന്നത്. ഈ അനുഭവമുള്ളതിനാലാണ് ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി തറയോടുകള്‍ കൊണ്ടുവന്നപ്പോഴും സമാന തര്‍ക്കം പ്രതീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് സമാനമായ രീതിയില്‍ തര്‍ക്കമുണ്ടായ്. ഇത്രയും സാധനങ്ങളിറക്കുമ്പോള്‍ ഞങ്ങള്‍ക്കും എന്തെങ്കിലും തരണ്ടേയെന്നാണ് സിപിഎം നേതാവ് പറഞ്ഞത്. ഇതൊക്കെ നൽകാതെ ഈ നാട്ടിൽ ജീവിക്കാൻ പറ്റുമോയെന്നാണ് േചാദിച്ചത്. ഇത് പിണറായി വിജയന്‍റെ സാമ്രാജ്യമാണോയെന്നും അദ്ദേഹം മുഴു എറിഞ്ഞ് ഉണ്ടാക്കിയതാണോ എന്നൊന്നും അറിയില്ല. അദ്ദേഹത്തിനും അനുയായികള്‍ക്കും നാട്ടിൽ പിണറായിസം വളര്‍ത്താൻ ഞങ്ങള്‍ സാധാരണക്കാര്‍ കപ്പം കൊടുക്കണോയെന്നും അറിയില്ലെന്നും പ്രിയ വിനോദ് പറഞ്ഞു.
തൊഴിലാളികളുമായുള്ള തര്‍ക്കത്തെതുടര്‍ന്ന് രാത്രി ഒറ്റയ്ക്ക് വാഹനത്തിൽ നിന്നു ഭാരമുള്ള 150 തറയോടുകൾ പ്രിയ സ്വന്തം ഇറക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വീട് നിർമാണത്തിന് കൊണ്ടു വന്ന തറയോടുകൾ ഇറക്കുന്നതിന് സമീപത്തെ സിഐടിയു തൊഴിലാളികൾ അമിത കൂലി ചോദിച്ചെന്ന് പ്രിയ പ്രതികരിക്കുന്നത്. തച്ചോണം മുസ്‌ലിം പള്ളിക്ക് സമീപത്തു നിന്നു കിളിമാന്നൂർ റോഡിലാണ് പ്രിയ നിർമിക്കുന്ന വീട്. വെഞ്ഞാറമൂട്ടിൽ നിന്നാണ് തറയോടുകൾ കൊണ്ട് വന്നത്. ബുധനാഴ്ച രാത്രി വീടിനു മുന്നിൽ ടൈൽസുമായി ലോറി എത്തിയപ്പോൾ ഇറക്കുന്നതിന് തൊഴിലാളികൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്.
വീടിന്‍റെ കോംപൗണ്ടിൽ വാഹനം കയറ്റിയെങ്കിലും തറയോടുമായി എത്തിയ വാഹനത്തിലെ ജോലിക്കാരെക്കൊണ്ട് പ്രദേശവാസികളായ തൊഴിലാളികൾ ലോഡ് ഇറക്കാൻ സമ്മതിച്ചില്ല. വീടിന്‍റെ കോംപൗണ്ടിൽ വാഹനം കയറ്റി പ്രിയയും ഭർത്താവും ലോഡ് ഇറക്കണമെന്നും മറ്റാരെയും ലോഡ് ഇറക്കാൻ പാടില്ലെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. ഇതോടെ വീടിന്‍റെ കോംപൗണ്ടിൽ കയറ്റിയ വാഹനത്തിൽ നിന്നു പ്രിയ ഒറ്റയ്ക്ക് തറയോടുകൾ ഇറക്കുകയിരുന്നു.
പ്രിയ സ്വന്തമായി ലോഡ് ഇറക്കി തീരുന്നത് വരെ തൊഴിലാളികൾ ഗേറ്റിന് സമീപത്ത് നിന്നു. വനിതാ പഞ്ചായത്ത് അംഗവും സ്ഥലത്ത് ഉണ്ടായിരുന്നു. പ്രിയ അറിയിച്ചത് പ്രകാരം പാങ്ങോട് പൊലീസ് സ്റ്റേഷനിൽ നിന്നു പൊലീസുകാരും എത്തിയിരുന്നു. എന്നാൽ, പൊലീസ് എത്തിയപ്പോഴേക്കും പ്രിയ ലോഡ് ഇറക്കിയിരുന്നു. പ്രിയയുടെ ഭർത്താവ് ഐ.വി വിനോദ് മലപ്പുറത്ത് എസ്ഐ ആണെന്നതിനാൽ ഇദ്ദേഹം സ്ഥലത്തുണ്ടായില്ല. വെഞ്ഞാറമൂട്ടിൽ വച്ച് വാഹനത്തിലേക്ക് കയറ്റാൻ നൽകിയ കൂലിയെക്കാൾ കൂടുതലാണ് തൊഴിലാളികൾ ചോദിച്ചതെന്നാണ് പ്രിയയയുടെ ആരോപണം. എന്നാൽ, ഒരു തറയോടിന് 2 രൂപ വച്ച് 300 രുപ കൂലി മാത്രമാണ് ആവശ്യപ്പെട്ടതെന്നും കോൺഗ്രസ് പ്രവർത്തക കൂടിയായ ഇവർ രാഷ്ട്രീയ വിരോധത്താൽ ആരോപണം ഉന്നയിക്കുകയാണെന്നും പ്രദേശത്തെ സിപിഎം- സിഐടിയു നേതാക്കൾ പറയുന്നത്.




