കൊല്ലം: തിരുവനന്തപുരം യുണിവേഴ്സിറ്റി കോളജിൽ കെഎസ്‍യു പ്രവർത്തകർക്ക് നേരെ ഉണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊല്ലത്ത് നടന്ന മാർച്ചിൽ സംഘർഷം. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ കെഎസ്‍യു പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പൊലീസും വിദ്യാർത്ഥികളും തമ്മിലുണ്ടായ ഉന്തിലും തള്ളലിലും കെഎസ്‍യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന് പരിക്ക് പറ്റി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

യൂണിവേഴ്സിറ്റി കോളേജിലും എംജിറോഡിലും വെച്ച് നടന്ന എസ്എഫ്ഐ കെഎസ്‍യു സംഘര്‍ഷത്തില്‍  കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്തിന് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച്  ഇന്ന് കെഎസ്‍യു പ്രതിഷേധദിനം ആചരിക്കുകയാണ്.

അതിനിടെ ഇന്നലെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. യൂണിവേഴ്സിറ്റി കോളജിലെ 13 എസ്എഫ്ഐ പ്രവർത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.  ആക്രമണത്തില്‍ പരിക്കേറ്റ ടിആർ രാകേഷ് എന്ന കെഎസ്‍യു പ്രവർത്തകന്‍റെ മൊഴിയിലാണ് കേസ്. പൊലീസിനെ ആക്രമിച്ച് പരിക്കേപ്പിച്ചതിന് മറ്റൊരു കേസുകൂടിയെടുത്തിട്ടുണ്ട്. ഇതില്‍ കണ്ടാലറിയാവുന്ന എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ പ്രതികളെ ഇതുവരേയും പൊലീസ്  പിടികൂടിയിട്ടില്ല.