കൊല്ലം: കൊല്ലത്തെ പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസുകളുടെ വിചാരണ അടുത്തമാസം തുടങ്ങും. കേസിന്‍റെ നടത്തിപ്പിനായി സര്‍ക്കാര്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഭിഭാഷകനെ നിയമിക്കാത്തതിനാല്‍ വിചാരണ തുടങ്ങാൻ വൈകിയത് വിവാദമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.

2010 ഓഗസ്റ്റില്‍ നടന്ന ക്ലാസ് ഫോര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നുവെന്നു കാട്ടി പിഎസ്‍സിക്ക് ലഭിച്ച ഊമ കത്തിലൂടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. കത്ത് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പുകള്‍ പുറത്തു വന്നത്. ക്ലാസ് ഫോര്‍ പരീക്ഷയ്ക്ക് മുമ്പ് നടന്ന എസ്ഐ, കോണ്‍സ്റ്റബിൾ, എല്‍ഡി ക്ലര്‍ക്ക് തുടങ്ങി പത്തിലേറെ പരീക്ഷകളില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ചോദ്യ പേപ്പറുകള്‍ ചോര്‍ത്തി മൊബൈല്‍ ഫോണ്‍ വഴി ഉത്തരം നല്‍കിയെന്നാണ് കണ്ടെത്തിയത്. എസ്ഐ പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് തട്ടിപ്പിൽ ഉള്‍പ്പെട്ടെന്ന് കണ്ടെത്തിയ അഞ്ചുപേരെ ആദ്യം പുറത്താക്കി. ശേഷം പരീക്ഷ തന്നെ റദ്ദാക്കിയിരുന്നു. തെളിവുകളെല്ലാം ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞെന്നാണ് വിലിരുത്തൽ.

കൊല്ലം ഈസ്റ്റ് , ഇരവിപുരം സ്റ്റേഷനുകളിലായി 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 10 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമായാണ് വിചാരണ നടക്കുക. മുഖ്യ പ്രതിയായ മയ്യനാട് സ്വദേശി രണ്ടു വർഷം മുമ്പ് ട്രെയിന്‍ തട്ടി മരിച്ചിരുന്നു.