കൊല്ലം: അഞ്ചലിൽ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. മരിച്ച ഉത്രയുടെ സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്. ഇയാളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സൂരജിന്‍റെ അച്ഛനെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. കൊലപാതകത്തിന് മുൻപ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന. സൂരജിന്‍റെ കുടുംബത്തിന് മരണത്തില്‍ പങ്കുണ്ടെന്ന ഉത്രയുടെ കുടുംബത്തിന്‍റെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നത്. 

ഉത്രവധകേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഭർത്താവ് സൂരജിന്‍റെ അടൂരിലെ വീട്ടിൽ എത്തി തെളിവെടുപ്പ്  നടത്തിയിരുന്നു.  കേസിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക്, റവന്യു  സംഘങ്ങളും  ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ട്. 

സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകെയ്സ്, ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്‍റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം  സംഘം പരിശോധന നടത്തി. സൂരജിൻ്റെ  അമ്മ രേണുക,  സഹോദരി സൂര്യ എന്നിവരിൽ  നിന്നും വിശദാംശങ്ങൾ തേടിയിരുന്നു. അടൂരിലെ സ്വർണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു. സൂരജിന്‍റെ അച്ഛന്‍റെ സാന്നിധ്യത്തിലായിരുന്നു ഈ പരിശോധനയും. ഇതിന് പിന്നാലെ വീണ്ടും വീട്ടിലെത്തി തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയായിരുന്നു. ഒടുവിലാണ് സ്വര്‍ണം  കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. 

ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മൂന്ന് മാസം മുൻപാണ് ഇയാള്‍ ഗൂഢാലോചന തുടങ്ങിയത്. സുഹൃത്തായ സുരേഷിൽ നിന്നും പാമ്പിനെ പതിനായിരം രൂപ നൽകി വാങ്ങിയാണ് കൊലപാതകം നടത്തിയത്. ഭർത്താവ് സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണ് കരിമൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാൾ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.