Asianet News MalayalamAsianet News Malayalam

കൊല്ലൂര്‍വിള സഹകരണ ബാങ്കിലെ 2020-21 വർഷത്തിലെ നഷ്ടം 42 കോടി രൂപ,തിരിച്ചടക്കണമെന്ന് ഓഡിറ്റ് റിപ്പോർട്ട്

കൊവിഡിനെത്തുടര്‍ന്നാണ് 42 കോടി രൂപ നഷ്ടമുണ്ടായതെന്നും, വായ്പ്പ നൽകിയത് തിരികെ കിട്ടാനുള്ളതടക്കം റിസര്‍വ്വ് ഇനത്തിൽ 51 കോടി രൂപയുണ്ടെന്നുമാണ് ബാങ്ക് ഭരണസമിതിയുടെ വാദം.

Kollurvila Cooperative Bank's loss in the last financial year is Rs 42 crore in , audit report
Author
First Published Jan 29, 2023, 12:00 PM IST


കൊല്ലം: കൊല്ലൂര്‍വിള സര്‍വ്വീസ് സഹകരണ ബാങ്കിലെ 2020 21 സാമ്പത്തിക വർഷത്തിലെ നഷ്ടം 42 കോടി രൂപയെന്ന് ഓഡിറ്റ് റിപ്പോർട്ട്. അഡ്വാൻസ് ഇനത്തിൽ ചെലവഴിച്ചതിൽ കിട്ടാനുള്ളത് എട്ടു കോടി രൂപയാണ്. നിക്ഷേപകർക്ക് ബാങ്ക് അനധികൃമായി നൽകിയ അധികം പലിശ, ബാങ്ക് സെക്രട്ടറിയും ഭരണസമിതിയും തിരിച്ചടയ്ക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.

ഓഡിറ്റ് റിപ്പോര്‍ട്ടറുടെ കണ്ടെത്തലിൽ കൊല്ലൂർവിള സഹകരണ ബാങ്കിന് 2020 21 സാമ്പത്തിക വർഷത്തിൽ മാത്രമുണ്ടായത് വലിയ നഷ്ടം. കൃത്യമായി പറഞ്ഞാൽ നാൽപ്പത്തി രണ്ടു കോടി പതിനാറ് ലക്ഷത്തി അറുപത്തി നാലായിരത്തി അറുന്നൂറ്റി മൂന്ന് രൂപ. അഡ്വാൻസ് ഇനത്തിൽ ചെലവാക്കിയതിലും ബാങ്കിന് തിരികെ കിട്ടാനുള്ളത് കോടികൾ

ബാങ്കിന് വേണ്ടി സാധനങ്ങൾ വാങ്ങുകയോ നിര്‍മ്മാണങ്ങൾ നടത്തുകയോ ചെയ്യുകയാണെങ്കിൽ പത്ര പരസ്യം നൽകി, ടെണ്ടര്‍ വിളിച്ച്, കുറഞ്ഞ തുക രേഖപ്പെടുത്തിയ ആളിൽ നിന്നും കൊട്ടേഷൻ വാങ്ങിയ ശേഷം ജില്ലാ ജോയിന്റ് രജിസ്ട്രാർക്ക് അപേക്ഷ സമര്‍പ്പിക്കണം. അനുമതി കിട്ടിയ ശേഷം സാധനങ്ങൾ വാങ്ങണമെന്നാണ് നിയമം. അപേക്ഷ നൽകുകയും എന്നാൽ അനുമതി കിട്ടുന്നതിന് മുന്പ് സാധനങ്ങൾ വാങ്ങുകയും ചെയ്താൽ യഥാസമയം കണക്കു കാണിച്ച് തീര്‍പ്പാക്കുകയും വേണം. കൊല്ലൂര്‍വിള സർവ്വീസ് സഹകരണ ബാങ്കിൽ ഇതു പാലിക്കപ്പെട്ടില്ലെന്നാണ് ഓ‍‍ഡിറ്റ് റിപ്പോര്‍ട്ട്. 2021 വരെ അഡ്വാൻസ് ഇനത്തിൽ ബാങ്കിന് തിരികെ കിട്ടാനുള്ളത് എട്ടു കോടി എണ്‍പത് ലക്ഷം രൂപയാണ്. 1977 ൽ ബജറ്റിന്റെ പേരിൽ ചെലവാക്കിയ ഏഴായിരത്തി അഞ്ഞൂറ് രൂപ മുതൽ തുടുങ്ങുന്നു തിരികെ വരാനുള്ള പണം. പുതിയ കെട്ടിടം പണിതതിലുമുണ്ട് തിരികെ കിട്ടാൻ ഒന്നരക്കോടി രൂപ. നിയമവിരുദ്ധമായി ബാങ്കിലെ നിക്ഷേപങ്ങൾക്ക് അധിക പലിശ നൽകിയതായും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 42 ലക്ഷം രൂപയാണ് ഇത്തരത്തിൽ ബാങ്കിന് ഉണ്ടായ നഷ്ടം. ഈ തുക സെക്രട്ടറിയും ഭരണസമിതിയും കൂടി തിരികെയടക്കണമെന്നും നിർദേശമുണ്ട്. അതേസമയം കൊവിഡിനെത്തുടര്‍ന്നാണ് 42 കോടി രൂപ നഷ്ടമുണ്ടായതെന്നും, വായ്പ്പ നൽകിയത് തിരികെ കിട്ടാനുള്ളതടക്കം റിസര്‍വ്വ് ഇനത്തിൽ 51 കോടി രൂപയുണ്ടെന്നുമാണ് ബാങ്ക് ഭരണസമിതിയുടെ വാദം.

പ്രവർത്തന മേഖലയ്ക്ക് പുല്ലുവില! കൊല്ലൂർവിള സഹകരണ ബാങ്ക് തോന്നുംപടി വായ്പ നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ട്

 

Follow Us:
Download App:
  • android
  • ios