കോഴിക്കോട്/കൊണ്ടോട്ടി: അബുദാബിയിൽ നിന്നും ഇന്നലെ രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തട്ടിക്കൊണ്ടു  പോയവർ റിയാസിനെ ക്രൂരമായി മർദ്ദിച്ചെന്നും പരിക്ക് സാരമുള്ളതായതിനാൽ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു. 

റിയാസിനെ തട്ടിക്കൊണ്ടു പോയ ഗുണ്ടാസംഘത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന കൊണ്ടോട്ടി പൊലീസ് അറിയിച്ചിട്ടുണ്ട്. റിയാസിന് സ്വർണക്കടത്തുമായി ഒരു ബന്ധവുമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ തട്ടിക്കൊണ്ടു പോയവർക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

തട്ടിക്കൊണ്ടു പോയ ശേഷം തന്നെ നിരവധി പേർ മർദ്ദിച്ചെന്ന് റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് സ്വർണക്കടത്തിൽ പങ്കില്ലെന്നും സ്വർണക്കടത്ത് സംഘം തന്നെ നിർബന്ധിച്ച് വീഡിയോ എടുപ്പിച്ചെന്നും റിയാസ് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പൊലീസും സ്ഥിരീകരിക്കുന്നു.