സസ്പെൻഷൻ നടപടിക്കെതിരെ പരസ്യപ്രതിഷേധം നടത്തിയ ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷനെതിരെ കെ. യു.ജനീഷ് കുമാർ രംഗത്ത് എത്തി

പത്തനംതിട്ട: കോന്നി ആനക്കൂട് അപകടത്തിൽ ഉദ്യോഗസ്ഥ - എംഎൽഎ പോര് മുറുകുന്നു. സസ്പെൻഷൻ നടപടിക്കെതിരെ പരസ്യപ്രതിഷേധം നടത്തിയ ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷനെതിരെ കെ. യു.ജനീഷ് കുമാർ രംഗത്ത് എത്തി. നാല് വയസ്സുകാരന്റെ ജീവനെടുത്തത് സുരക്ഷാ വീഴ്ച തന്നെയാണെന്നും സംഘടനയുടെ ആൾബലം കാട്ടി വിരട്ടാൻ നോക്കേണ്ടെന്നും എംഎൽഎ വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

നാലു വയസ്സുകാരന്റെ മരണത്തിൽ കോന്നി ആനക്കൂട്ടിലെ അഞ്ചു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. അതിനെതിരെയാണ് ഇന്നലെ ഫോറസ്റ്റ് ജീവനക്കാരുടെ സംഘടന പ്രതിഷേധിച്ചത്. സുരക്ഷ വീഴ്ചയ്ക്ക് കാരണം ഉദ്യോഗസ്ഥർ എന്നത് ആദ്യം പറഞ്ഞത് കോന്നി എംഎൽഎയാണ്. വിനോദസഞ്ചാരകേന്ദ്രത്തിൽ കൃത്യസമയത്ത് സുരക്ഷ ഓഡിറ്റ് പോലും നടത്താതെ ഉന്നത ഉദ്യോഗസ്ഥരാണ് വീഴ്ച വരുത്തിയത്. എന്നാൽ താഴെത്തട്ടിലെ ജീവനക്കാരെ എംഎൽഎ അടക്കം ബലിയാടാക്കിയെന്നാണ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻറെ പരാതി. എന്നാൽ ജീവനക്കാരുടെ പരസ്യ പ്രതിഷേധത്തെ എംഎൽഎ പൂർണമായി തള്ളി. ആനക്കൂട്ടിലെ സുരക്ഷ മാത്രമാണ് അഞ്ച് ഉദ്യോഗസ്ഥരുടെ ജോലി. അതിൽ വീഴ്ച ഉണ്ടായി ആൾബലം കാട്ടി വിരട്ടാൻ നോക്കേണ്ടെന്നും എംഎൽഎ.

കോൺക്രീറ്റ് തൂണിന്റെ ബലക്ഷയം മാത്രമല്ല മറ്റു പോരായ്മകളും അപകട ശേഷം നടന്ന പരിശോധനയിൽ കണ്ടെത്തിയൊന്നും എംഎൽഎ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജീവനക്കാർക്കെതിരായ നടപടിയിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ആണ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ തീരുമാനം. സുരക്ഷ ഓഡിറ്റ് നടത്തും വരെ കോന്നി എക്കോ ടൂറിസം കേന്ദ്രത്തിന് കീഴിലെ അടവി കുട്ടവഞ്ചി സവാരി ഉൾപ്പെടെ നിർത്തിവെക്കണമെന്നാണ് ആവശ്യം. എംഎൽഎ - ഉദ്യോഗസ്ഥ പോര് ശക്തമാകുമ്പോൾ വനംമന്ത്രി പ്രഖ്യാപിച്ച സ്ഥലംമാറ്റം അടക്കം തുടർനടപടികൾ ഇനി ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.

'സംഘടനയുടെ ബലം കാട്ടി വിരട്ടാൻ നോക്കണ്ട'; ആനക്കൂട് അപകടത്തിൽ എംഎൽഎ-ഉദ്യോഗസ്‌ഥ പോര് മുറുകുന്നു