കോഴിക്കോട്: കൂടത്തായി മരണങ്ങൾ കൊലപാതകങ്ങളാണെന്ന നിഗമനത്തിൽ പൊലീസ് മുന്നോട്ട് പോകുമ്പോൾ ഉയരുന്ന പ്രധാന സംശയം പൊട്ടാസ്യം സയനൈഡ് എന്ന മാരക വിഷം സംബന്ധിച്ചുള്ളതാണ്. എന്നാൽ പൊട്ടാസ്യം സയനൈഡ് ആണ് കഴിക്കുന്നതെന്ന പൊതുബോധത്തെ തിരുത്തുകയാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ കൃഷ്ണൻ ബാലചന്ദ്രൻ.

"മൂന്നാമത്തെ മരണത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ അംശം കണ്ടുവെന്നുള്ളതാണല്ലോ ഇപ്പോഴത്തെ അന്വേഷണത്തിൽ തുമ്പായിരിക്കുന്നത്. അത് വച്ച് നോക്കുകയാണെങ്കിലും എല്ലാ മരണത്തിലും പൊട്ടാസ്യം സയനൈഡ് തന്നെയാണോ മരണകാരണം എന്ന് വ്യക്തമാകേണ്ടതുണ്ട്. ഒന്നാമതായി പൊട്ടാസ്യം സയനൈഡ് എന്നത് ഒരു രാസപ്രക്രിയയിലൂടെ ഉണ്ടാകുന്നതാണ് എന്നതാണ്," അദ്ദേഹം പറഞ്ഞു.

"തട്ടാൻമാരും മറ്റും സ്വർണ്ണം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നത് ഹൈഡ്രോ സയനിക് ആസിഡാണ്. ഇത് തന്നെ രണ്ട് വിധത്തിലുണ്ടാകും. പുകയായും ദ്രാവകമായും ഉണ്ടാകും. ദ്രാവക രൂപത്തിലുള്ളതാണ് കൊമേഴ്‌സ്യൽ ആവശ്യത്തിന് ഉപയോഗിക്കുന്നത്. ഇത് ഭയങ്കര കയ്പ്പ് രുചിയുള്ള സാധനമാണ്. പച്ചവെള്ളത്തിലൊന്നും കലർത്തി ഇത് ആരെക്കൊണ്ടും കുടിപ്പിക്കാനാവില്ല."

"ഹൈഡ്രോ സയനിക് ആസിഡ് ശരീരത്തിനകത്തെ ഹൈഡ്രോ ക്ലോറിക് ആസിഡുമായി പ്രവർത്തിച്ച് പൊട്ടാസ്യം സയനൈഡ് ആയി മാറുകയാണ് ചെയ്യുന്നത്. നമുക്കറിയാവുന്ന കഴുത്തിൽ തൂക്കിയിട്ട് നടക്കുന്ന സയനൈഡ് താലിയിൽ രണ്ട് അറകളിലായി ഹൈഡ്രോ സയനിക് ആസിഡും ഹൈഡ്രോ ക്ലോറിക് ആസിഡുമാണ് ഉള്ളത്. ഇത് കടിച്ചുപൊട്ടിക്കുമ്പോൾ വായിൽ വച്ച് തന്നെ രാസപരിണാമം സംഭവിക്കുന്നു," ഡോക്ടർ പറഞ്ഞു.

മരിക്കണം എന്ന ഉറച്ച തീരുമാനവുമായി നടക്കുന്ന ഒരാൾക്ക് മാത്രമേ ഇത് കഴിക്കാനാവൂ. കഷായമോ ഒക്കെ പോലെ കുടിച്ചേ പറ്റൂ എന്ന അവസ്ഥയിൽ  വേണമെങ്കിൽ ഒരാളെക്കൊണ്ട് ഇത് കുടിപ്പിക്കാനാവും. പക്ഷെ ഇത് കഴിച്ചാലും ഉടനടി മരണം നടക്കുമെന്നത് ശരിയല്ല. സാധാരണ സയനൈഡ് അകത്ത് ചെന്നാൽ അടുത്ത പത്ത് മിനിറ്റിനും അര മണിക്കൂറിനും ഇടയിൽ മരണം നടക്കാം. വയറിനകത്ത് വച്ച് സയനൈഡ് ആയി രൂപാന്തരം പ്രാപിച്ചാൽ പിന്നാലെ കരൾ വഴി ഹൃദയത്തിലെത്തുന്ന സയനൈഡ് ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകർത്ത് ആളെ കൊല്ലും."

"മാധ്യമവാർത്തകളിൽ നിന്നുള്ള അറിവ് മാത്രമേ എനിക്കും ഈ വിഷയത്തിലുള്ളൂ. എങ്കിലും മരിച്ച് വർഷങ്ങൾ കഴിഞ്ഞ ശേഷം മൃതാവശിഷ്ടങ്ങളിൽ നിന്ന് പൊട്ടാസ്യം സയനൈഡ് കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്," എന്നും ഡോക്ടർ വ്യക്തമാക്കി.