കോഴിക്കോട്: കൂടത്തായിയില്‍ ആറു പേരുടെ കൊലപാതകത്തിനും അറസ്റ്റിലായ ജോളിക്ക് കാരണങ്ങളുണ്ടായിരുന്നു. തന്‍റെ മാര്‍ഗത്തിന് തടസം നിന്നവരെയാണ് ജോളി ഒന്നൊന്നായി കൊലപ്പെടുത്തിയത്. ആദ്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ഭര്‍ത്തൃമാതാവായ അന്നമ്മ തോമസിന്‍റെ കൊലപാതകമാണ്. 2002 ലായിരുന്നു ഇത്. ആ വീട്ടിലെ എല്ലാ കാര്യങ്ങളുടേയും നിയന്ത്രണം അന്നമ്മയുടെ കൈവശമായിരുന്നു. സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണവും വീടിന്‍റെ നിയന്ത്രണവും ലഭിക്കാന്‍ വേണ്ടിയാണ് അന്നമ്മയെ കൊലപ്പെടുത്തിയത്. രണ്ടാമത്തെ ശ്രമത്തിലാണ് ഇവരെ കൊലപ്പെടുത്താന്‍ ജോളിക്ക് സാധിച്ചത്. അവരുടെ മരണത്തോടെ വീട്ടിലെ സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണം ജോളിയിലേക്ക് എത്തി.

അതിനു ശേഷം കൊല്ലപ്പെടുന്നത് റോയിയുടെ പിതാവ് ടോം ജോസഫാണ്. 2008 ലായിരുന്നു ഇത്. അന്നമ്മയുടെ മരണാനന്തരം ടോം ജോസഫ്  വസ്തുക്കള്‍ വിറ്റ് പണം ജോളിക്കും റോയിക്കും നല്‍കിയിരുന്നു. ഇനി കുടുംബസ്വത്ത് ഒന്നും നല്‍കില്ലെന്നും അദ്ദേഹം ഇവരോട് പറഞ്ഞു. സ്വത്തുകള്‍ ടോം ജോസഫ് അമേരിക്കയിലെ മകന് നല്‍കുമെന്ന സംശയവും ജോളിക്കുണ്ടായിരുന്നു. ടോം ജോസഫുമായി ഇവര്‍ക്ക് പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. അമേരിക്കയിലെ മകന്‍റെ അടുത്തേക്ക് പോകാന്‍ ടോം ജോസഫ് തയ്യാറെടുത്തെങ്കിലും ആ യാത്ര മുടക്കി. ഇതോടൊപ്പം പുറത്തു പറയാന്‍ പറ്റാത്ത ചില കാരണങ്ങളും ടോം ജോസഫിനെ കൊല്ലുന്നതിന് കാരണമായി.

അവസാന കാലത്ത് ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രശ്നങ്ങളുണ്ടായതോടെയാണ് റോയ് തോമസിനെ ജോളി വകവരുത്തിയത്. 2011 ലായിരുന്നു ഇത്. റോയ് തോമസിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബോഡി പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ടത് റോയിയുടെ അമ്മാവനും അന്നമ്മയുടെ സഹോദരനുമായ എംഎം മാത്യുവാണ്. ഇദ്ദേഹവുമായും ജോളിക്ക് പല പ്രശ്നങ്ങളുമുണ്ടായിരുന്നു. 2014 ലാണ് ഇദ്ദേഹം മരിച്ചത്. ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിനെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് ഷാജുവിന്‍റെ ആദ്യത്തെ ഭാര്യ സിലി മകള്‍ ഒരു വയസ്സുകാരി ആല്‍ഫൈന്‍ ഷാജു എന്നിവരെ ജോളി കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ ഷാജുവിനെ വിവാഹം ചെയ്തു.