കോഴിക്കോട്:  കൂടത്തായി കൊലപാതക പരമ്പരക്കേസിലെ രണ്ടാം പ്രതി മാത്യുവിനെ സിലി കൊലക്കേസിലും അറസ്റ്റ് ചെയ്തു. സിലിയെ കൊല്ലാൻ സയനൈഡ് വാങ്ങിത്തന്നത് മാത്യുവാണെന്ന് ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം, ഷാജുവിന്‍റെ മകള്‍ ആല്‍ഫൈന്‍ കേസില്‍ ജോളിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് വധക്കേസില്‍ റിമാന്‍റില്‍ കഴിയുന്ന മാത്യുവിന്‍റെ അറസ്റ്റ് സ്പെഷ്യല്‍ സബ് ജയിലിലെത്തിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണിത്. സിലിയുടെ കൊലപാതകത്തില്‍ മാത്യുവിനെയും മകള്‍ ഒന്നര വയസുകാരി ആല്‍ഫൈന്‍റെ കൊലപാതക കേസില്‍ ജോളിയെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി സിലിയെ കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരായ കേസ്. തിങ്കളാഴ്ച കോഴിക്കോട് ജയിലിലെത്തി അന്വേഷണ സംഘം ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.

ജോളിയേയും മാത്യുവിനേയും കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ നാളെ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിക്കും. ജോളിയുടെ ജാമ്യാപേക്ഷയും കോടതി തിങ്കളാഴ്ച  പരിഗണിക്കും. തഹസീല്‍ദാര്‍ ജയശ്രീ, സിലിയുടേയും ജോളിയുടേയും ബന്ധുക്കള്‍ എന്നിവരുടെ മൊഴി വീണ്ടും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. സിലിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.