കോഴിക്കോട്:  ചാത്തമംഗലത്തെ പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്‍റെ മരണവുമായി ബന്ധപ്പെട്ട് ബ്യൂട്ടി പാർലർ ഉടമ സുലേഖയേയും ഭർത്താവ് മജീദിനെയും പൊലീസ് ചോദ്യം ചെയ്തു. കോഴിക്കോട് ക്രൈം റെക്കോർഡ്സ് ബ്യുറോ അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി പി രഞ്ജിത്താണ് ചോദ്യം ചെയ്തത്. രാമകൃഷ്ണന്‍റെ മകൻ രോഹിതിന്‍റെ പരാതിയിലാണ് നടപടി. അച്ഛൻ സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ജോളിക്കും സുലേഖക്കും ഇതിൽ പങ്കുണ്ടെന്നുമായിരുന്നു പരാതി. രാവിലെ രാമകൃഷ്ണന്‍റെ വീട്ടിലെത്തി രോഹിത്തിന്‍റെയും അമ്മയുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. രാമകൃഷ്ണന്‍റെ ഭാര്യാ സഹോദരങ്ങളേയും ഓഫിസിൽ വിളിപ്പിച്ച് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

രാമകൃഷ്ണന്‍റെ മരണത്തിലും ജോളിയ്ക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായി മകൻ രോഹിത് റൂറൽ എസ്‍പിയ്ക്ക് പരാതി നൽകിയിരുന്നു. ജോളി സ്ഥിരമായി സന്ദർശിച്ചിരുന്ന ബ്യൂട്ടി പാർലർ ഉടമ സുലേഖയുമായി രാമകൃഷ്ണനും കുടുംബത്തിനും നല്ല ബന്ധമുണ്ടായിരുന്നു. രാമകൃഷ്ണന്‍റെ പാരമ്പര്യ സ്വത്ത് വിറ്റ 55 ലക്ഷം രൂപ എവിടെയെന്നറിയില്ലെന്നും മക്കൾക്ക് ആർക്കും അത് കിട്ടിയിട്ടില്ലെന്നും അത് ജോളി തട്ടിയെടുത്തോ എന്ന് സംശയിക്കുന്നുണ്ടെന്നുമാണ് രോഹിത് പരാതി നൽകിയിരിക്കുന്നത്. 

അതേസമയം കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് കൂടുതൽ വ്യാജരേഖകൾ ചമച്ചെന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. താമരശ്ശേരി രൂപത മുൻ വികാരി ജനറാളിന്‍റെ വ്യാജ കത്ത് ജോളി തയ്യാറാക്കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോടഞ്ചേരിയിലെ ഷാജുവിനെ ജോളി രണ്ടാം വിവാഹം കഴിച്ച ശേഷം കൂടത്തായി ഇടവകയിൽ പേര് നിലനിർത്താനായിരുന്നു ശ്രമം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജോളിയെ കൂടത്തായി ഇടവകയിൽ അംഗമാക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു വ്യാജ കത്തിലെ ഉള്ളടക്കം.

കേസിൽ ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് പ്രത്യേകം ചോദ്യം ചെയ്യുകയാണ്. വടകര റൂറല്‍ എസ്‍പി ഓഫീസില്‍ വച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്. പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെ ഒറ്റയ്ക്കൊറ്റയ്ക്ക് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ നേരത്തെ തന്നെ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ചോദ്യം ചെയ്യലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ മാസം 16 വരെയാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.