കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. വടകര റൂറല്‍ എസ്‍പി കെ ജി സൈമണിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു യോഗം. കൂടത്തായി കൊലപാതകങ്ങളെല്ലാം തന്നെ വിഷം ഉള്ളില്‍ ചെന്നാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനാണ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നത്. മെഡിക്കൽ കോളേജിലെ ന്യൂറോ സർജൻമാർ, ഫോറൻസിക് സർജൻമാർ, ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. ആറ് കൊലപാതകങ്ങളുടേയും അന്വേഷണത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിനെത്തി.

ആറു പേരിൽ റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. എന്നാൽ ഓരോരുത്തരുടെയും മരണം നേരിൽ കണ്ട സാക്ഷികളുടെ മൊഴികളുണ്ട്. മരണസമയത്ത് ഓരോരുത്തരും വിവിധ ചേഷ്ടകൾ കാണിച്ചതായും, വായിൽനിന്നും മൂക്കിൽ നിന്നും നുരയും പതയും വന്നതായും മറ്റുമാണ് മൊഴി.

ചേഷ്ടകളടക്കം അവർ കാണിച്ച മരണവെപ്രാളം വിഷം അകത്തു ചെന്നത് മൂലമാണോ, ഉള്ളിൽ ചെന്നത് സയനൈഡ് ആണോ തുടങ്ങിയ കാര്യങ്ങൾ ഡോക്ടർമാർക്ക് വിശദീകരിക്കാനാകും. ഇതറിയുകയും മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കുകയുമായിരുന്നു മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നതിന്‍റെ ലക്ഷ്യം. കഴിഞ്ഞ തിങ്കളാഴ്ച മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നെങ്കിലും കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ക്ക് ആധികാരികമായി സ്ഥിരീകരണം നല്‍കാന്‍ കഴിയാത്തതിനാലാണ് കൂടുതല്‍ വിപുലമായ മെഡിക്കല്‍ സംഘം യോഗം ചേര്‍ന്നത്.

അതേസമയം ടോം തോമസ് കൊലപാതക കേസില്‍ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലുള്ള ജോളിയുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. മാത്യു മഞ്ചാടിയില്‍ കൊലപാതക കേസില്‍ എം.എസ് മാത്യുവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ കൊയിലാണ്ടി സിഐ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മാത്യുവിന് ശാരീരിക ബുധിമുട്ടുകള്‍ ഉള്ളതിനാല്‍ തിങ്കളാഴ്ച മാത്രമേ കസ്റ്റഡി അപേക്ഷ പരിഗണിക്കുകയുള്ളൂ.