കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ സൗഹൃദവലയത്തില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. ഇവരെല്ലാം ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്‍റെ നിരീക്ഷണത്തിലാണ്. ഇവരുമായി ജോളി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം ഇപ്പോള്‍. വ്യാജവില്‍പത്രം ഉണ്ടാക്കിയത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ജോളിയുടെ ഉന്നതബന്ധങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു കൊണ്ടു വന്നത്. 

സ്വത്തുകള്‍ ജോളിയുടെ പേരിലാക്കി മാറ്റിയെഴുത്തിയ വ്യാജവില്‍പത്രത്തില്‍ പ്രദേശവാസികളോ റോയി തോമസിന്‍റേയോ ബന്ധുക്കള്‍ അല്ല സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിച്ച പൊലീസ് ഇവരെക്കുറിച്ച് വിശദമായി അന്വേഷിച്ചു. സിപിഎമ്മിന്‍റെ കുന്ദമംഗലത്തെ പ്രാദേശിക നേതാവാണ് ഒരു സാക്ഷിയായി വില്‍പത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതിനായി ഒരു ലക്ഷം രൂപ ജോളി ഇയാള്‍ക്ക് നല്‍കി. പണമിടപാടിന് ഉപയോഗിച്ച ചെക്ക് അടക്കമുള്ള രേഖകള്‍ അന്വേഷണസംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. 

ജോളിയുടെ സമീപവാസിയും വീട്ടിലെ നിത്യസന്ദര്‍ശകനുമായ ഒരു ലീഗ് നേതാവാണ് വ്യാജവില്‍പത്രം തഹസില്‍ദാരുമായി ബന്ധപ്പെട്ട് സ്വത്തുകള്‍ ജോളിയുടെ പേരില്‍ മാറ്റിയെഴുത്താന്‍ സഹായിച്ചത്. ഇയാളും ജോളിയും ബാങ്കില്‍ പോയി പണമിടപാട് നടത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

കോഴിക്കോട് സ്വദേശിയായ ഒരു വനിതാ തഹസില്‍ദാറാണ് വ്യാജവില്‍പത്രം ആധാരപ്പെടുത്തി സ്വത്തുകള്‍ ജോളിയുടെ പേരിലാക്കാന്‍ ഇടപെട്ടത്. കൂടത്തായി പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഇടപെട്ടു. സ്വത്തുകള്‍ വ്യാജവില്‍പത്രം വച്ച് മാറ്റിയെഴുത്തിയ അറിഞ്ഞ റോയ് മാത്യുവിന്‍റെ സഹോദരന്‍ റോജോ രേഖകള്‍ ആവശ്യപ്പെട്ട് പലവട്ടം പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങിയെങ്കിലും മുസ്ലീം ലീഗ് നേതാവ് വഴി ജോളി നടത്തിയ നീക്കത്തെ തുടര്‍ന്ന് റോജോയ്ക്ക് രേഖകള്‍ ലഭിച്ചില്ല.

 വിവരാവകാശ നിയമപ്രകാരം വരെ രേഖകള്‍ക്ക് അപേക്ഷിച്ചെങ്കിലും അപേക്ഷ നിഷേധിക്കപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവും ഇക്കാര്യത്തില്‍ ഇടപെട്ടു എന്നാണ് സൂചന. എന്നാല്‍ ഇയാളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ഉതകുന്ന തരത്തിലുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 

ഇവരെ കൂടാതെ ഒരു അഭിഭാഷകനും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരനും പൊലീസ് നിരീക്ഷണത്തിലുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ബിഎസ്എന്‍എല്‍ ജീവനക്കാരന് കൊലപാതകങ്ങളില്‍ നേരിട്ട് ബന്ധമുണ്ടോയെന്ന് പോലും പൊലീസ് സംശയിക്കുന്നുണ്ട്. 

ജോളിയുമായി അടുത്ത സൗഹൃദമുള്ള ഇയാള്‍ ജോളിയും ഷാജുവുമായുള്ള വിവാഹത്തിന് ഒത്താശയുമായി ഇയാള്‍ ഒപ്പമുണ്ടായിരുന്നു. കൂടത്തായി അറസ്റ്റില്‍ ഇനിയും അറസ്റ്റുകളുണ്ടാവും എന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നുണ്ട്. എന്നാല്‍ ആരെയൊക്കെ എപ്പോള്‍ എല്ലാം പിടികൂടണം എന്ന കാര്യത്തില്‍ മാത്രം ഇതുവരെ തീരുമാനമായിട്ടില്ല.