Asianet News MalayalamAsianet News Malayalam

മാനസികാസ്വാസ്ഥ്യം: ജയിലിലുള്ള ജോളി ആശുപത്രിയില്‍ ചികിത്സ തേടി

സെല്ലിനുള്ളില്‍ ജോളി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് ജയില്‍ അധികൃതര്‍ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. 

koodathai prime accuse jolly seeks treatment due to mental issues
Author
Puthiyara, First Published Oct 8, 2019, 3:46 PM IST

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസില്‍ റിമാന്‍ഡിലായ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളി ജയിലിനുള്ളില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി. കോഴിക്കോട് ബീച്ചിലെ ജനറല്‍ ആശുപത്രിയിലാണ് ജോളി ചികിത്സ തേടിയത്. 

ജയിലിലെത്തിയത് മുതല്‍ ആരോടും തീരെ ഇടപഴകാതിരുന്ന ജോളി ജയില്‍ അധികൃതരുടെ കര്‍ശന നിരീക്ഷണത്തിലാണ്. ഇതിനിടയിലാണ് ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ബീച്ച് ആശുപത്രിയിലെത്തിച്ച് സൈക്കോളജിസ്റ്റിനെ കണ്ട ശേഷം ജോളിയെ തിരികെ ജയിലില്‍ എത്തിച്ചു. റോയ് തോമസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പതിനാല് ദിവസത്തേക്ക് റിമാന്‍ഡിലാണ് ജോളി.

കൂടത്തായി കേസില്‍ അന്വേഷണം തുടരുന്ന പൊലീസ് സംഘം ജോളിയുമായി അടുത്തിടപഴകിയവരെ എല്ലാം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ജോളിയെ ഫോണിലൂടെ ബന്ധപ്പെട്ടവരുടെ വിവരങ്ങളെല്ലാം പൊലീസ് ശേഖരിക്കുന്നുണ്ട്. ജോളിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ സിപിഎം, മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നേതാക്കളേയും വൈകാതെ പൊലീസ് ചോദ്യം ചെയ്യും എന്നാണ് വിവരം. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ പൊലീസ് ഇന്നലെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. 

 

Follow Us:
Download App:
  • android
  • ios