കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി ജോസഫിന് വേണ്ടി ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ ഹാജരാകില്ല. പകരം അദ്ദേഹത്തിന്റെ ജൂനിയർ അഭിഭാഷകരാണ് ജോളിക്കുവേണ്ടി കോടതിയിൽ ഹാജരാകുക. ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്‍റെ ഓഫീസുമായി ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കേസെറ്റെടുത്തതെന്ന് ആളൂര്‍ വ്യക്തമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായി ആളൂരിന്‍റെ പ്രതിനിധികൾ ജയിലിലെത്തി ജോളിയുമായി ചർച്ച നടത്തിയിരുന്നു. ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് കോഴിക്കോട് ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ജുഡീഷ്യല്‍ റിമാന്‍ഡിലുള്ള ജോളി, മാത്യു, പ്രജുകുമാർ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാണ് അന്വേഷണ സംഘം നൽകിയിട്ടുള്ള അപേക്ഷ.

Read More:കൂടത്തായി കൂട്ടക്കൊല: പ്രതി ജോളി ജോസഫിനായി അഡ്വ.ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാവും

കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട കേസ് ആയതിനാൽ വിശദമായ ചോദ്യം ചെയ്യലും ആവശ്യമെന്ന് കസ്റ്റഡി അപേക്ഷയിൽ പറയുന്നു. രണ്ടാം പ്രതി മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കസ്റ്റഡിയിൽ കിട്ടുന്ന പക്ഷം, പ്രതികളെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാകും തെളിവെടുപ്പ് നടത്തുക.