Asianet News MalayalamAsianet News Malayalam

കൂടത്തായി കേസ്: സാങ്കേതിക-ഫോറന്‍സിക് വിദഗ്ദ്ധരെ ചേര്‍ത്ത് അന്വേഷണസംഘം വിപുലീകരിച്ചു

അന്വേഷണസംഘത്തിന്‍റെ എണ്ണം പത്തില്‍ നിന്നും 35 ആക്കി. 2 എഎസ്‍പിമാരും 3 ഡിവൈഎസ്‍പിമാരും സംഘത്തില്‍. സാങ്കേതിക സഹായത്തിനായി എസ്‍.പി ഡോ.ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം. 
 

koodathayi murder investigation team expanded
Author
Koodathai, First Published Oct 9, 2019, 8:14 PM IST

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തെ വിപുലീകരിച്ചു. അന്വേഷണ മേല്‍നോട്ടം ഉത്തരമേഖല ഐജി അശോക് യാദവിനെ ഏല്‍പിച്ചു. കോഴിക്കോട് റൂറല്‍ എസ്പി സൈമണിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ നിലവില്‍ പത്ത് പേരായിരുന്നു ഉണ്ടായിരുന്നു. വിപുലീകരണം കഴിഞ്ഞതോടെ സംഘാംഗങ്ങളുടെ എണ്ണം 35 ആയി. 

കൂട്ടക്കൊലക്കേസ് അന്വേഷണം പലവഴിക്ക് നീളുകയും പതിനാറ് വര്‍ഷം മുന്‍പ് വരെയുള്ള കൊലപാതകങ്ങള്‍ അന്വേഷിക്കുകയും ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ സാങ്കേതിക വിദഗ്ദ്ധരേയും ഫോറന്‍സിക് വിദഗ്ദ്ധരേയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് എഎസ്പിമാരും മൂന്ന് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. ഇതുകൂടാതെ അന്വേഷണ സംഘത്തിന് സാങ്കേതിക സഹായത്തിനായി എസ്പി ഡോ.ദിവ്യ വി ഗോപിനാഥിന്‍റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തേയും നിയോഗിച്ചിട്ടുണ്ട്. 

കണ്ണൂര്‍ എ.എസ്.പി ഡി.ശില്‍പ, നാദാപുരം എ.എസ്.പി അങ്കിത് അശോകന്‍, താമരശ്ശേരി ഡിവൈ.എസ്.പി കെ.പി. അബ്ദുള്‍ റസാക്ക്, തലശ്ശേരി ഡിവൈ.എസ്.പി വേണുഗോപാല്‍ കെ.വി, കോഴിക്കോട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ സി.ശിവപ്രസാദ്, പോലീസ് ആസ്ഥാനത്തെ ഹൈ ടെക് സെല്‍ ഇന്‍സ്പെക്റ്റര്‍ സ്റ്റാര്‍മോന്‍ ആര്‍. പിള്ള എന്നിവരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അന്വേഷണത്തിന് സാങ്കേതികസഹായം നല്‍കുന്നതിന് ഐ.സി.റ്റി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്‍റെ നേതൃത്വത്തില്‍ പ്രത്യേകസംഘം ഉണ്ടായിരിക്കും. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്റ്റര്‍, ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ ഡയറക്റ്റര്‍, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ്  ലബോറട്ടറി ഡയറക്റ്റര്‍, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ബയോളജി വിഭാഗം മേധാവി, തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സീറോളജി വിഭാഗം മേധാവി, തൃശൂര്‍ കേരളാ പോലീസ് അക്കാദമിയിലെ ഫോറന്‍സിക് വിഭാഗം മേധാവിയും ജോയിന്‍റ് ഡയറക്റ്ററുമായ ഷാജി.പി എന്നിവരാണ് അംഗങ്ങള്‍.
 

Follow Us:
Download App:
  • android
  • ios