കോഴിക്കോട്: കോഴിക്കോട് കൂടത്തായി കേസിലെ പ്രതിയായ ജോളി ഇടക്കിടെ എൻഐടി ക്യാന്‍റീനിൽ വരാറുണ്ടായിരുന്നെന്ന് ക്യാന്‍റീനിലെ ജീവനക്കാരൻ. അവസാനമായി കണ്ടത് ഏതാണ്ട് ആറ് മാസം മുമ്പാണെന്നും ജീവനക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എൻഐടി അധ്യാപികയെന്ന വ്യാജ മേൽവിലാസത്തിലാണ് ജോളി ജോസഫ് നാട്ടിൽ അറിയപ്പെട്ടത്. 2002 മുതലായിരുന്നു എൻഐടി അധ്യാപികയായിട്ടുള്ള ജോളിയുടെ വേഷംകെട്ടൽ. രാവിലെ വീട്ടിൽ നിന്ന് കാറിൽ പോകുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. ക്യാന്‍റീനിൽ ജോളി ഇടക്കിടെ വരാറുണ്ടായിരുന്നെന്നാണ് ജീവനക്കാരൻ പറയുന്നത്. ആറ് മാസം മുമ്പാണ് അവസാനം കണ്ടതെന്നും ജീവനക്കാരൻ പറഞ്ഞു.

എൻഐടി ക്യാംപസിൽ ജോളിയെ കണ്ടിരുന്നതായി പലരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ എൻഐടിയിലെ വ്യാജ ഐഡി കാർഡ് ഉണ്ടാക്കാൻ ജോളിയെ സഹായിച്ചതാരെന്ന് ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ജോളിയുടെ വീട്ടില്‍ ഫോറന്‍സിക് സംഘം ഇന്ന് പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. രാസപരിശോധന ഫലം പെട്ടെന്ന് ലഭ്യമാക്കി മറ്റ് മരണങ്ങളില്‍ കൂടി തുമ്പുണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. 

ജോളിയുമായി അടുത്തബന്ധം പുലര്‍ത്തിയ ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ ഉള്ളവരെ വരും ദിവസം വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസ് അന്വേഷണം തുടങ്ങിയശേഷം ജോളിയുമായി കൂടുതല്‍ തവണ ഫോണില്‍ ബന്ധപ്പെട്ട ഏഴ് പേരെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. ഒരു ബി എസ്എന്‍എല്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ ഉള്ളവരെയാണ് ചോദ്യം ചെയ്യുക.‍ ജോളിയുടെ സ്വദേശമായ കട്ടപ്പന കേന്ദ്രീകരിച്ചും വീണ്ടും അന്വേഷണം നടത്തും. കൊലപാതകങ്ങളും സ്വത്ത് തട്ടിപ്പും നടത്തിയത് താൻ ഒറ്റയ്ക്കല്ലെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മറ്റ് പതിനൊന്ന് പേരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Also Read: ജോളി ഒറ്റയ്ക്കല്ല, നിരീക്ഷണത്തിൽ 11 പേർ, രാഷ്ട്രീയനേതാവ് ഒരു ലക്ഷം ചെക്കായി നൽകി

ജയിലിൽ ആരോടും മിണ്ടാതെ ജോളി

കോഴിക്കോട് ജയിലില്‍ റിമാന്‍റിലായ ജോളിക്ക് അധികൃതര്‍ പ്രത്യേക നിരീക്ഷണമേർപ്പെടുത്തി. മൂന്ന് വനിത ഉദ്യോഗസ്ഥരാണ് ജോളിയുടെ നിരീഷണത്തിന് ഉള്ളത്. ജോളിക്ക് രാത്രി ഉറക്കം കുറവായിരുന്നുവെന്നാണ് ജയിലില്‍ നിന്നുള്ള  വിവരം. ആരോടും മിണ്ടുകയും ഇടപഴകുകയും ചെയ്യുന്നില്ല. ചോദിച്ചതിന് വ്യക്തമായ ഉത്തരം പോലും തരാതെയാണ് ജോളി ജയിലിൽ കഴിയുന്നത്. എന്നാല്‍ ജയില്‍ ദിനാഘോഷത്തിന്‍റെ ഭാഗമായ പരിപാടികള്‍ കാണാന്‍ ജോളിയും എത്തിയിരുന്നു. കൊലക്കേസ് പ്രതി ഉള്‍പ്പെട നാല് റിമാന്‍റ് പ്രതികള്‍ ഉള്ള സെല്ലിലാണ് ജോളി.  

വീട് പൂട്ടി സീൽ ചെയ്തു

അതേസമയം, ജോളിയുടെ അറസ്റ്റിന് പിന്നാലെ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്വന്തം സാധനങ്ങളെടുത്ത് വീട്ടിലേക്ക് പോയി. പൊന്നാമറ്റം വീട് പൊലീസ് ഇതോടെ മുദ്രവച്ച് പൂട്ടി. ജോളിയുടെ മക്കൾ റോയിയുടെ സഹോദരി റെഞ്ചിയോടൊപ്പവും കണ്ണീരോടെ മടങ്ങി. അച്ഛന്‍റെ മരണവുമായി ബന്ധപ്പെട്ട് ഒന്നും മക്കൾക്ക് അറിയുമായിരുന്നില്ല. ടോം തോമസിന്‍റെ സ്വത്ത് അന്തിമമായി ഭാഗം വച്ച് ഒസ്യത്ത് റജിസ്റ്റർ ചെയ്യേണ്ട ദിവസമായിരുന്നു ഇന്നലെ. എന്നാൽ അവിടെ നടന്നത് ആ വീട്ടിലെ മരുമകളായിരുന്ന ജോളിയുടെ അറസ്റ്റാണ്. 

Also Read: ജയിലിൽ ആരോടും മിണ്ടാതെ ജോളി, സാധനങ്ങളെടുത്ത് മാറ്റി ഷാജു, പണ്ടേ സംശയമെന്ന് അയൽവാസി