മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടാകാതിരുന്നത് ഗുരുതര വീഴ‍്‍ച; സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ കരാർ കമ്പനിക്കും വീഴ‍്‍ചയുണ്ടായി
കോഴിക്കോട്: കൂളിമാട് പാലത്തിന്റെ തകർച്ചയിൽ ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും വീഴ‍്‍ച പറ്റിയെന്ന് പൊതുമരാമത്ത് വിജിലൻസിന്റെ റിപ്പോർട്ട്. നിർമാണം നടക്കുമ്പോൾ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ അവിടെ ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്. സ്പാൻ ഉറപ്പിക്കുമ്പോൾ കരാർ കമ്പനിയുടെ എഞ്ചിനീയർമാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. സുരക്ഷ ഒരുക്കുന്നതിൽ നിർമാണ കമ്പനിക്കും വീഴ‍്ച സംഭവിച്ചു. ഹൈഡ്രോളിക് ജാക്കിയുടെ പ്രവർത്തനം ഉറപ്പാക്കിയില്ല. ഇതാണ് സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇരു വിഭാഗത്തിന്റെയും വീഴ്ചകൾ എണ്ണിപ്പറയുന്ന റിപ്പോർട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം നിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ എന്ത് നടപടി ഉണ്ടാകും എന്നത് വ്യക്തമല്ല. നിർമാണത്തിൽ അപാകതയില്ല, വീഴ്ച സംഭവിച്ചിട്ടില്ല എന്നിങ്ങനെയുള്ള കമ്പനിയുടെ അവകാശവാദങ്ങൾ നേരത്തെ പൊതുമരാമത്ത് മന്ത്രി തന്നെ തള്ളിപ്പറഞ്ഞിരുന്നു. നിർമാണം പുനരാരംഭിക്കാമെന്നുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ നിർദ്ദേശവും അദ്ദേഹം തള്ളിയിരുന്നു. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം നിർമാണം തുടങ്ങിയാൽ മതിയെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം.
പാലം തകർന്ന സംഭവത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും പൊതുമരാമത്ത് മന്ത്രിക്ക് പങ്കുണ്ടെന്നും ആരോപിച്ച് മുസ്ലിം ലീഗ രംഗത്തെത്തിയിരുന്നു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതിയും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി എടുത്ത് മുഖം രക്ഷിക്കാനായിരിക്കും സർക്കാരിന്റെ ശ്രമം.
ചാലിയാറിന് കുറുകെയുള്ള കൂളിമാട് കടവ് പാലത്തിന്‍റെ മൂന്ന് പ്രധാന ബീമുകളാണ് നിർമാണത്തിന്റെ അവസാന ഘടത്തിൽ തകർന്നുവീണത്. മലപ്പുറം ജില്ലയോട് ചേർന്ന ഭാഗത്തായിരുന്നു അപകടം. ഇതിനുപിന്നാലെയാണ് സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദേശ് നൽകിയത്. തുടർന്ന് പിഡബ്ലിയുഡി (PWD) ആഭ്യന്തര അന്വേഷണ വിഭാഗം തകർന്ന ബീമുകള്‍, പാലത്തിന്‍റെ ശേഷിക്കുന്ന ഭാഗം എന്നിവ പരിശോധിക്കുകയും നിർമാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉൾപ്പെടെ വിശദമൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
