Asianet News MalayalamAsianet News Malayalam

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് അട്ടപ്പാടി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്

ഞാൻ വിശദീകരിക്കേണ്ടത് ഞാൻ തന്നെ പറയേണ്ടതാണ്. തന്റെ കൈയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും അതിനാൽ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു

Kottathara hospital Superintendent hits out at Veena George Kerala health Minister
Author
Thiruvananthapuram, First Published Dec 5, 2021, 1:41 PM IST

പാലക്കാട്: ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടി സന്ദർശനത്തിൽ കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്. തന്നെ ബോധപൂർവ്വം മാറ്റിനിർത്തിയെന്ന് ഡോ പ്രഭുദാസ് ആരോപിച്ചു. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ. പ്രതിപക്ഷ നേതാവിന് മുൻപ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത്. തനിക്ക് പറയാനുള്ളത് കേൾക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിർത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും പ്രഭുദാസ് വ്യക്തമാക്കി.

ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിർത്തലും നേരിട്ടാണ് താൻ വന്നത്. കോട്ടത്തറയിൽ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങളിൽ ഞാൻ വിശദീകരിക്കേണ്ടത് ഞാൻ തന്നെ പറയേണ്ടതാണ്. തന്റെ കൈയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും അതിനാൽ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് യോഗമുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചശേഷമാണ് മന്ത്രി ചുരം കയറിയത്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതിന് പിന്നാലെയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രി സന്ദർശിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ 32 ലക്ഷം മുടക്കി ഫർണീച്ചറടക്കം വാങ്ങിയെങ്കിലും ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ആശുപത്രിക്ക് ബാധ്യതയായി ആംബുലൻസുകൾ കട്ടപ്പുറത്തും. ഓടുന്നവയിൽ മതിയായ ജീവൻ രക്ഷാ സംവിധാനവുമില്ല. അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളിൽ 191 പേർ ഹൈറിസ്ക് ക്യാറ്റഗറിയിലെന്ന ആരോഗ്യ വകുപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് സ്ഥിതി പരിശോധിക്കാൻ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത്.

മന്ത്രി പറഞ്ഞത്

ആദിവാസികള്‍ക്ക് അട്ടപ്പാടിയിൽ തന്നെ ചികിത്സ ലഭ്യമാക്കും. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ നവജാത ശിശു ഐസിയു ഉടൻ തുടങ്ങും. ആശുപത്രിയെ കുറിച്ച് ലഭിച്ച പരാതികളിൽ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടത്തറ ആശുപത്രിയിൽ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വാർഡിനായി 32 ലക്ഷം രൂപക്ക് വാങ്ങിയ ഉപകരണങ്ങള്‍ ആശുപത്രിയിൽ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. 

Follow Us:
Download App:
  • android
  • ios