മുൻകൂർ നോട്ടീസ് പോലും നല്‍കാതെയാണ് പിരിച്ചുവിടലെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. ക്യാന്‍റീന്‍ നടത്തിപ്പ് നഷ്ടമെന്നാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ വിശദീകരണം

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ സർക്കാർ ആശുപത്രി ക്യാന്റീൻ പൂട്ടാൻ തീരുമാനം. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയുടേതാണ് തീരുമാനം. ഇന്ന് രാത്രി ഒമ്പത് മണിയ്ക്ക് ക്യാന്‍റീന്‍ അടച്ച് താക്കോല്‍ നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ ഇവിടെ ജോലി ചെയ്തിരുന്ന 20 പേർക്ക് ഒറ്റ രാത്രി കൊണ്ട് ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പായി. 

മുൻകൂർ നോട്ടീസ് പോലും നല്‍കാതെയാണ് പിരിച്ചുവിടലെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. ക്യാന്‍റീന്‍ നടത്തിപ്പ് നഷ്ടമെന്നാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ വിശദീകരണം. ക്യാന്റീൻ നടത്തിപ്പിൽ അഴിമതിയുണ്ടെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു.

ആശുപത്രിക്ക് നിലവിൽ രണ്ട് കോടി രൂപയുടെ കട ബാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു. ക്യാന്റീന് മാത്രം 79 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. 10 ലക്ഷം രൂപ മാത്രമാണ് ക്യാന്റീന് കിട്ടാനുള്ളത്. ക്യാന്റീൻ താത്കാലികമായാണ് നിർത്തുന്നതെന്നും നടത്തിപ്പിനായി ടെണ്ടർ വിളിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം ആശുപത്രിയിലെ അഴിമതികൾ പുറത്തുകൊണ്ടുവരാൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.