കോട്ടയം: കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍. മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത നിലവില്ലെന്നാണ് കളക്ടറുടെ അറിയിപ്പ്. കോട്ടയം ജില്ലയിലെ നീണ്ടൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രതിരോധ നടപടികള്‍ക്ക് ജില്ലയില്‍ അഞ്ച് അംഗങ്ങളുള്ള എട്ട് ടീമുകളെ നിയോഗിച്ചു. ഫാമിലെ 1650 താറാവുകളാണ് ചത്തത്. ഒറ്റപെട്ട സ്ഥലമായതിനാൽ പടരാൻ സാധ്യത കുറവാണ്. ആലപ്പുഴ കുട്ടനാടൻ മേഖലയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ തലവടി, എടത്വ, പള്ളിപ്പാട്, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് രോഗബാധയുണ്ടായത്. 

രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ വരുന്ന എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. ഏകദേശം 48,000 ഓളം പക്ഷികളെ കൊല്ലേണ്ടി വരും. കഴിഞ്ഞ വർഷം കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. സമാന രീതിയിൽ പ്രദേശത്തെ പക്ഷികളെ നശിപ്പിച്ചാണ് രോഗം കൂടുതൽ പടരുന്നത് തടഞ്ഞത്.

Read More: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു,  മനുഷ്യരിലേക്ക് പകരാനും സാധ്യത, ജാഗ്രതാ നിർദ്ദേശം