ബിൻസി സെബാസ്റ്റ്യൻ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. പ്രതിപക്ഷനേതാവ് ഷീജ അനിലാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിക്കായി റീബാ വർക്കി മത്സരിക്കും

കോട്ടയം: കോട്ടയം നഗരസഭ അധ്യക്ഷ (kottayam muncipality chairperson election) തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11നാണ് നടപടികൾ തുടങ്ങുക. 52 അംഗ നഗരസഭയിൽ 22 സീറ്റുകൾ എൽഡിഎഫിനാണ്. സ്വതന്ത്രയായി ജയിച്ച മുൻ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉൾപ്പെടെ യുഡിഎഫ് അംഗസംഖ്യയും 22 ആണ്. ബിജെപിക്ക് എട്ട് കൗൺസിലർമാരുണ്ട്. 

ബിൻസി സെബാസ്റ്റ്യൻ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. പ്രതിപക്ഷനേതാവ് ഷീജ അനിലാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിക്കായി റീബാ വർക്കി മത്സരിക്കും. കഴിഞ്ഞ തവണയും ഇവർ മൂന്നുപേരും തന്നെയാണ് മത്സരിച്ചത്. സെപറ്റംബർ 24 ന് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. യുഡിഎഫിലെ അസംതൃപ്തി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. 

കോൺ​ഗ്രസ് കൗൺസില‍ർമാരിൽ ചിലരും കേരള കോൺ​ഗ്രസ് പിജെ ജോസഫ് വിഭാ​ഗം പ്രതിനിധിയുമായും എൽഡിഫ് ആശയവിനിമയം നടത്തുന്നുണ്ട്. എന്നാൽ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞ കോട്ടയം ഡിസിസി അധ്യക്ഷൻ ബിൻസി സെബാസ്റ്റ്യന് എല്ലാ വോട്ടുകളും ലഭിക്കുമെന്നും ചിലപ്പോൾ ചില വോട്ടുകൾ അധികമായി ലഭിക്കാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. എൽഡിഎഫ്- യുഡിഎഫ് അംഗസംഖ്യ തുല്യമായതിനാൽ, അട്ടിമറി ഒന്നും ഉണ്ടായില്ലെങ്കിൽ കഴിഞ്ഞ തവണത്തെ പോലെ നറുക്കെടുപ്പിലൂടെ ആയിരിക്കും അധ്യക്ഷയെ തീരുമാനിക്കുക.