തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവത്തിന് പോകാനെത്തിയ ചെണ്ടമേള സംഘത്തിലെ 6 പേർക്ക് കോവളത്തിന് സമീപം വച്ച് വെട്ടേറ്റ സംഭവത്തിൽ രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവത്തിന് പോകാനെത്തിയ ചെണ്ടമേള സംഘത്തിലെ 6 പേർക്ക് കോവളത്തിന് സമീപം വച്ച് വെട്ടേറ്റ സംഭവത്തിൽ രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി. സംഭവത്തിലെ നാലാം പ്രതി തിരുവല്ലം സ്വദേശിയും കോവളം സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ ജിത്തു ലാൽ (33) നെ കഴിഞ്ഞ ദിവസം കോവളം പൊലീസ് പിടികൂടിയിരുന്നു. ചെറുകോണം സ്വദേശി ടവർ വിഷ്‌ണുവെന്ന വിഷ്ണു (24), വെള്ളാർ സ്വദേശി അനികുട്ടൻ (35) എന്നിവരാണ് ഇന്നലെ നെയ്യാറ്റിൻകര കോടതിയിൽ എത്തി കീഴടങ്ങിയത്. മറ്റൊരു പ്രതി കാടഅപ്പു ഒളിവിലാണ്.

ഞായറാഴ്ച രാത്രി 8.30 ഓടെ കോവളം കെ.എസ് റോഡ് ചെറുകോണത്ത് നടന്ന സംഭവത്തിൽ സംഘത്തിലെ പിതാവും മക്കളും ഉൾപ്പെടെ ആറംഗ സംഘത്തിന് വെട്ടേൽക്കുകയും ഗർഭിണി ഉൾപ്പെടെ രണ്ട് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചാവടിനട സ്വദേശികളായ അശ്വിൻ (21),വൈഷ്‌ണവ് (അപ്പൂസ്)(24),വെങ്ങാനൂർ അംബേദ്കർ ഗ്രാമം സ്വദേശി പങ്കജൻ (58),മക്കളായ അനീഷ്(32), രാജേഷ്(29), ഇവരുടെ ബന്ധുവായ അഭിലാഷ് (27)എന്നിവർക്കാണ് വട്ടേറ്റത്. പങ്കജന്‍റെ ഭാര്യ സിന്ധുവിനും രാജേഷിന്‍റെ ഭാര്യ അനില എന്നിവർക്കും പരിക്കേറ്റു. ചെണ്ട മേളത്തിന് പോകാനായി സ്ത്രീകളുൾപ്പെട്ട സംഘം വാഹനത്തിൽ കയറിയപ്പോഴാണ് പ്രതികൾ എത്തി വാക്കേറ്റവും പിന്നാലെ ആക്രമണവും നടത്തിയത്. രണ്ടുപേരുടെ സ്വർണം നഷ്ടപ്പെട്ടതായി പരാതിയുണ്ട്.



