Asianet News MalayalamAsianet News Malayalam

'എംഎല്‍എയുടെ കാര്‍ തകര്‍ത്തത് ഇന്നത്തെ ഒറ്റപ്പെട്ട സംഭവം'; പരിഹസിച്ച് പ്രതിപക്ഷ നേതാവ്

ഒരോ ദിവസവും 'ഒറ്റപ്പെട്ട സംഭവങ്ങള്‍' കേരളത്തില്‍ ആവര്‍ത്തിക്കുന്നു. കോവളം എം.എല്‍.എ എം. വിന്‍സെന്റിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ക്രിമിനല്‍ കേസുകളിലെ സ്ഥിരം പ്രതിയായ ഒരാള്‍ അടിച്ചു തകര്‍ത്തു എന്നതാണ് ഇന്നത്തെ 'ഒറ്റപ്പെട്ട സംഭവം'.

kovalam mla car vandalised issue opposition leader vd satheesan critics kerala police
Author
Thiruvananthapuram, First Published Feb 28, 2022, 1:06 PM IST

തിരുവനന്തപുരം : കോവളം എംഎൽഎയുടെ  (Kovalam MLA) കാർ (Car) അടിച്ചുതകർത്ത സംഭവത്തിൽ പൊലീസിനും (Kerala police)ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഒരോ ദിവസവും 'ഒറ്റപ്പെട്ട സംഭവങ്ങള്‍' കേരളത്തില്‍ ആവര്‍ത്തിക്കുന്നു. കോവളം എം.എല്‍.എ എം. വിന്‍സെന്റിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ക്രിമിനല്‍ കേസുകളിലെ സ്ഥിരം പ്രതിയായ ഒരാള്‍ അടിച്ചു തകര്‍ത്തു എന്നതാണ് ഇന്നത്തെ 'ഒറ്റപ്പെട്ട സംഭവം'.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗര ഹൃദയത്തില്‍ പട്ടാപ്പകല്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വാളുമായി എത്തിയ ക്രിമിനല്‍ വെട്ടിക്കൊന്നു. മലപ്പുറത്ത് തളന്നു കിടക്കുന്ന മാതാവിന്റെ മുന്നില്‍ വച്ച് മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ ഗുണ്ട ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. ജയിലില്‍ നിന്നും പുറത്തുവന്നാല്‍ പെണ്‍കുട്ടിയെയും സാക്ഷിമൊഴി പറഞ്ഞവരെയും കൊല്ലുമെന്നും അയാള്‍ പരസ്യമായി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. 

കേരളത്തില്‍ ഗുണ്ടകളെ നിയന്ത്രിക്കാനോ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ ഒരു നടപടിയും സര്‍ക്കാരോ ആഭ്യന്തര വകുപ്പോ സ്വീകരിക്കുന്നില്ല. ഇക്കാര്യം കഴിഞ്ഞ ദിവസവും പ്രതിപക്ഷം അടിയന്തിര പ്രമേയത്തിലൂടെ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാല്‍ എല്ലാം ഭദ്രമാണെന്ന മറുപടി നല്‍കിയ മുഖ്യമന്ത്രി ക്രമസമാധാന നില തകര്‍ന്നെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. 

കോവളം എംഎൽഎയുടെ കാർ അടിച്ചുതകർത്തു, അക്രമിയെ പിടികൂടി

കേരളത്തിലെ ഗുണ്ടാ- മയക്കുമരുന്ന് സംഘങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് സി.പി.എം നേതാക്കളാണ്. സി.പി.എം നേതാക്കളുടെയും സര്‍ക്കാരിന്റയും സംരക്ഷണമുള്ളതു കൊണ്ടാണ് ഗുണ്ടകളെയും മയക്കുമരുന്ന് സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പൊലീസിന് കഴിയാതെ വരുന്നത്. പഴയകാല സെല്‍ ഭരണത്തിന്റെ ഭീതിതമായ പുതിയ രൂപമാണ് ഭരണത്തില്‍ പാര്‍ട്ടി ഇടപെടുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉടന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുന്നു', കാർ അടിച്ച് തകർത്തത് ആസൂത്രിതമെന്ന് എംഎൽഎ

വീടിനു മുന്നിൽ നിർത്തിയിട്ട തന്റെ കാർ (Car) അടിച്ച് തകർത്ത സംഭവം ആസൂത്രിതമെന്ന് കോവളം എംഎൽഎ (Kovalam MLA) എം വിൻസൻറ് (M. Vincent). പട്ടാപ്പകൽ ആക്രമണം നടന്നിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ പിടികൂടിയപ്പോൾ അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുന്നെന്നും എംഎൽഎ ആരോപിച്ചു. 

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കോവളം എംഎൽഎ, എം വിൻസന്റിന്റെ തിരുവനന്തപുരം ബാലരാമപുരത്തെ വീടിന് മുന്നിൽ നിർത്തിയിട്ട കാർ അടിച്ചു തകർത്തത്. ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാളാണ് കാറിന്റെ ചില്ലുകൾ അടിച്ച് തകർത്തത്. അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ കേസെടുത്തുവെന്നാണ്  ബാലരാമപുരം പൊലീസ് അറിയിച്ചത്. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തതെന്നും പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നുമാണ് പൊലീസ് പറയുന്നത്.

പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സന്തോഷ് പൊലീസിനോടും പറയുന്നത്. നാലു വർഷമായി ചില മാനസിക വിഭ്രാന്തികള്‍ സന്തോഷ് പ്രകടിപ്പിക്കുന്നുണ്ടെന്ന് സന്തോഷിന്റെ അമ്മയും പൊലീസിനോട് പറഞ്ഞു എന്നാൽ നാട്ടുകാർ പിടികൂടിയതോടെ അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുകയാണെന്നാണ് എംഎൽഎ കുറ്റപ്പെടുത്തുന്നത്. 

 

Follow Us:
Download App:
  • android
  • ios