തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകളിലും  പൊതുമേഖലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് പൂര്‍ണമായും നിർത്തിവച്ചു. മാർച്ച് 31 വരെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഇത്തരത്തിൽ തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കോവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചരിത്രത്തില്‍ ഇതുവരെയില്ലാത്ത കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. സ്റ്റേറ്റ് സിലബസ് കൂടാതെ സിബിഎസ്,ഐസിഎസ്ഇ സിലബസില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഇതു ബാധകമായിരിക്കും. അതേസമയം എട്ട്, ഒന്‍പത്, ക്ലാസുകളിലെ പരീക്ഷയും എസ്എസ്എല്‍സി പരീക്ഷകളും പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളും മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. ഈ പരീക്ഷകള്‍ അതീവ ജാഗ്രതയോടെ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടൊപ്പം സംസ്ഥാന എല്ലാ ആര്‍ട്‍സ് ആന്‍ഡ് പ്രൊഫഷണല്‍ കോളേജുകള്‍ക്കും മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രാസകള്‍ക്കും ട്യൂഷന്‍ സെന്‍ററുകള്‍ക്കും അവധി ബാധകമാണ്. ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. വിവാഹം, മരണം മറ്റു ചടങ്ങുകള്‍ എന്നിങ്ങനെ ഒഴിവാക്കാന്‍ പറ്റാത്ത ചടങ്ങുകളില്‍ പരമാവധി ആളുകളെ കുറ‍യ്ക്കണമെന്നും സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ അടച്ചിടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 

കോവിഡ് 19-നെതിരെ അതിശക്തമായ പ്രതിരോധവും നിയന്ത്രണവുമാണ് ഫലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ പൗരന്‍മാരും ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം എന്ന കര്‍ശ നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പരീക്ഷ നീട്ടിവയ്ക്കുകയോ മാറ്റി വയ്ക്കുകയോ അല്ല മറിച്ച് പൂര്‍ണമായും റദ്ദാക്കുകയാണ്  ചെയ്തതെന്നും ഈ കുട്ടികള്‍ക്ക് നേരിട്ട് അടുത്ത വര്‍ഷം മുകളിലെ ക്ലാസിലേക്ക് പ്രവേശനം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

ഉത്സവസീസണുകള്‍ തുടങ്ങാനിരിക്കെ ആളുകള്‍ സ്വയം നിയന്ത്രിച്ച് പരിപാടിയില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുന്നു. പള്ളി പരിപാടികള്‍ക്കും ദേവാലയങ്ങളിലെ മറ്റു ചടങ്ങുകള്‍ക്കും നിയന്ത്രണം വേണമെന്നും ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു നിയന്ത്രണവും സര്‍ക്കാര്‍ അടിച്ചേല്‍പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിനും നിയന്ത്രണം ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാകുന്നു.