എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഡ്മിഷൻ നടക്കുന്ന ക്ലാസ് മുറിയിലേക്ക് ഇരച്ചെത്തി അധ്യാപകരെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇരു കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐ നേതാവിൻ്റെ പരാതിയിൽ പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കും എതിരെ കേസെടുത്ത പൊലീസ് പ്രിൻസിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. എസ്എഫ്ഐ നേതാവ് അഭിനവിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പ്രിൻസിപ്പലിനെതിരെ കൊയിലാണ്ടി പോലീസ് കേസ് എടുത്തത്.

ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് കോളേജിൽ ഹെല്‍പ്പ് ഡസ്ക് ഇടുന്നതിൽ തര്‍ക്കമുണ്ടായിരുന്നു. ഒരു വിഭാഗം എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഡ്മിഷൻ നടക്കുന്ന ക്ലാസ് മുറിയിലേക്ക് ഇരച്ചെത്തി അധ്യാപകരെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തൻ്റെ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിച്ചു. 

പിന്നാലെ പ്രിൻസിപ്പലും അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി. അധ്യാപകര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് അഭിനവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അഭിനവ് അടക്കമുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.