ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്.
കോഴിക്കോട്: ആംബുലൻസ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് തീപടർന്ന് രോഗി വെന്തു മരിച്ചു. കോഴിക്കോട് നഗരത്തിൽ ഇന്ന് പുലർച്ചയാണ് സംഭവം. നാദാപുരം സ്വദേശി സുലോചനയാണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർ ഉൾപ്പെടെ ആറു പേർ പരിക്കേറ്റ് ചികിത്സയിലാണ്.
കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപം ഇന്ന് പുലർച്ചെ മൂന്നരയോടെ ആയിരുന്നു ദുരന്തം . മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജിൽ പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന സുലോചനയെ അത്യാസന്ന നിലയിൽ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയായിരുന്നു അപകടം. ശക്തമായ മഴയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുത പോസ്റ്റ് ഇടിച്ച് മറിയുകയായിരുന്നു. തീ പടരും മുൻപ് മറ്റുള്ളവരെ രക്ഷിക്കാൻ ആയെങ്കിലും സുലോചനയെ പുറത്തെടുക്കാൻ ആയില്ല.
ആംബുലൻസിൽ നിന്ന് തീ പടർന്ന് സമീപത്തെ നാലു നില കെട്ടിടത്തിന്റെ ഒരു ഭാഗവും കത്തി നശിച്ചു.ആംബുലൻസിൽ സുലോചനയുടെ ഭർത്താവ് ചന്ദ്രൻ അയൽവാസി പ്രസീദ , മലബാർ മെഡിക്കൽ കോളേജിലെ ഡോക്ടർ ഫാത്തിമ, നഴ്സുമാരായ ഹർഷ ജാഫർ, ഡ്രൈവർ അർജുൻ എന്നിവരാണ് ഉണ്ടായിരുന്നത്. സുലോചനയുടെ ഭർത്താവ് ചന്ദ്രനും അയൽവാസി പ്രസീതയ്ക്കും തലയ്ക്കും കഴുത്തിനും ആണ് പരിക്ക്. ആരുടെയും നില ഗുരുതരമല്ല.
കനത്ത മഴയും അമിതവേഗവും ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സുലോചനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നൃത്താധ്യാപികയായിരുന്ന സുലോചന കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

