കോഴിക്കോട്: ദേശീയ ലോക്ക് ഡൌണിൻ്റെ പശ്ചാത്തലത്തിൽ ഭക്ഷണം കിട്ടാതെ വലയുന്ന തെരുവ് നായകൾക്കും കുരങ്ങുകൾക്കും ഭക്ഷണം എത്തിച്ചു നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം ഏറ്റെടുത്ത് കോഴിക്കോട് സിറ്റി പൊലീസ്.  കോഴിക്കോട് നഗരപരിധിയിലെ  എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കാൻ സിറ്റി പൊലീസ് കമ്മീഷ്ണർ എ.വി.ജോർജ് നിർദേശം കൊടുത്തു

ലോക്ക് ഡൌണ് മൂലം അവശ്യവസ്തുകൾക്ക് ക്ഷാമം നേരിടുന്നതിനാൽ വളർത്തു മൃഗങ്ങളുടെ ഭക്ഷ്യവസ്തുകൾക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ജനങ്ങൾ വീടുകളിൽ കഴിയുന്ന സാഹചര്യത്തിൽ തെരുവ് നായകൾക്ക് ഭക്ഷണം ലഭിക്കാൻ സാഹചര്യമില്ലാത്തത് ഗുരുതരപ്രതിസന്ധി സൃഷ്ടിക്കുമെന്നും ഈ സാഹചര്യത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ അവയ്ക്ക് ഭക്ഷണം എത്തിച്ചു നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ വിവിധ കാവുകളിലെ കുരങ്ങുകൾക്കും ഇതേ രീതിയിൽ സഹായം എത്തിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.