കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലബാറിലെ എല്ലാ ജില്ലകളിലും മഴയുടെ ശക്തി കുറഞ്ഞുവരികയാണ്. വീട് മാറിത്താമസിച്ചവര്‍ തിരിച്ചെത്തിത്തുടങ്ങിയെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല. മലപ്പുറം പാണക്കാട് കഴിഞ്ഞ ദിവസം വൻതോതിൽ മണ്ണ് ഇടിഞ്ഞു വീണ സംഭവത്തിൽ ജില്ലാ ജിയോളജി ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. താമരശ്ശേരി ചുരത്തിലും പാല്‍ച്ചുരത്തിലും ഗതാഗത നിയന്ത്രണം തുടരുകയാണ്.
ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞിരുന്നവര്‍ വെള്ളക്കെട്ട് ഒഴിഞ്ഞതോടെ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി. കോഴിക്കോട് വെള്ളക്കെട്ട് രൂക്ഷമായിരുന്ന കണ്ണാടിക്കല്‍, ചെലവൂര്‍, കക്കോടി, മൂഴിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് വീടുകളില്‍ ശുചീകരണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ചില സ്ഥലങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നുമുണ്ട്.
മലപ്പുറം പാണക്കാട് മണ്ണിടിഞ്ഞ സ്ഥലത്തു നിന്നും ഇതുവരെ മുന്നൂറോളം ലോഡ് മണ്ണ് മാറ്റി. റോഡിലെ മണ്ണ് പൂര്‍ണ്ണമായും മാറ്റിയെങ്കിലും ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല. മണ്ണിടിച്ചിലിന് കാരണമായ സാഹചര്യത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ ജിയോളജി ഓഫീസർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അനധികൃത ഖനന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ വ്യാപക പരിശോധനക്കും മൈനിങ് & ജിയോളജി വകുപ്പ് ഡയറക്ടർ ഉത്തരവിട്ടു.

