Asianet News MalayalamAsianet News Malayalam

കോഴിക്കോട് കോര്‍പ്പറേഷൻ ബാങ്ക് അക്കൗണ്ടുകളിലെ തിരിമറി: പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതി ഒളിവിൽ തന്നെ

കോര്‍പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞമാസം 29 ന്. കേസിലെ പ്രതി ബാങ്ക് മാനേജര്‍ റിജിലിനായി അന്നു തൊട്ട് അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം.

Kozhikode Corporation Bank Fraud
Author
First Published Dec 7, 2022, 12:03 PM IST

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പത്ത് ദിവസത്തോളമായിട്ടും പ്രതിയെ പിടികൂടാനാകാതെ അന്വേഷണ സംഘം. മാനേജര്‍ റിജില്‍ നടത്തിയ തട്ടിപ്പിന്‍റെ കണക്ക് തിട്ടപ്പെടുത്താന്‍ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞത്. തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ ബാങ്ക് ഇടപാടുകള്‍ നിത്യേനെ പരിശോധിക്കാന്‍ കോര്‍പറേഷന്‍ നടപടി തുടങ്ങി. 

കോര്‍പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞമാസം 29 ന്. കേസിലെ പ്രതി ബാങ്ക് മാനേജര്‍ റിജിലിനായി അന്നു തൊട്ട് അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം. മൂന്നാം തിയതി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഇതിനിടെ പ്രതി റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ല കോടതിയില്‍ നല്‍കി. കോര്‍പറേഷന്‍ എട്ട് അക്കൗണ്ടുകളില്‍ നിന്നും സ്വകാര്യ വ്യക്തികളുടെ ഒന്പത് അക്കൗണ്ടുകളില്‍ നിന്നുമായി റിജില്‍ നടത്തിയ തിരിമറിയുടെ കണക്ക് തിട്ടപ്പടുത്താനും പണം ചെലവിട്ട വഴികള്‍ കണ്ടെത്താനുമാണ് അന്വേഷണ സംഘം കൂടുതല്‍ സമയവും ചെലവിട്ടത്. 

സംസ്ഥാനത്തെ അന്പരിപ്പിച്ച ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി എവിടെ എന്ന ചോദ്യത്തിന് അന്വേഷണ സംഘത്തിന് മറുപടിയില്ല. നാളെ റിജിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ കോടതി വിധി പറയും. മുന്‍കൂര്‍ ജാമ്യേപേക്ഷ തളളിയാല്‍  പ്രതിക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. അതേസമയം, നഷ്ടപ്പെട്ട പണം മുഴുവന്‍ തിരിച്ച് ഉടന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ബാങ്കിന് കോര്‍പറേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണം തിരികെ കിട്ടിയ ശേഷം പഞ്ചാബ് നാഷണല്‍ ബാങ്കിലെ എല്ലാ അക്കൗണ്ടുകളും ക്ളോസ് ചെയ്യുന്ന കാര്യവും കോര്‍പറേഷന്‍റെ പരിഗണനയിലുണ്ട്. 
 

Follow Us:
Download App:
  • android
  • ios