എംപി, എംഎൽഎ ഫണ്ട് ഉൾപ്പെടെയുള്ള പണമാണ് നഷ്ടമായത്. കുടുംബശ്രീ ഫണ്ടിൽ നിന്ന് 10 കോടിയിലേറെ നഷ്ടപ്പെട്ടെന്നും മൂന്ന് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്. എംപി, എംഎൽഎ ഫണ്ട് ഉൾപ്പെടെയുള്ള പണമാണ് നഷ്ടമായത്. കുടുംബശ്രീ ഫണ്ടിൽ നിന്ന് 10 കോടിയിലേറെ നഷ്ടപ്പെട്ടെന്നും മൂന്ന് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏഴ് അക്കൗണ്ടുകളിൽ നിന്നാണ് തട്ടിപ്പ് നടന്നത്. ബാങ്ക് സ്റ്റേറ്റുമെന്റുകളിൽ ഉൾപ്പെടെ കൃത്രിമത്വം നടത്തിയെന്നും തട്ടിപ്പ് കണ്ട് പിടിച്ചത് കോർപറേഷൻ തന്നെയാണെന്നും ബീന ഫിലിപ്പ് പറഞ്ഞു. തട്ടിപ്പിന് പിന്നിൽ ഒരാൾ മാത്രമാണോ എന്ന് പറയാനാകില്ലെന്നും വിശദമായ അന്വേഷണം ആവശ്യപ്പെടുമെന്നും കോഴിക്കോട് കോർപ്പറേഷൻ മേയർ കൂട്ടിച്ചേര്‍ത്തു. 

Also Read: കോഴിക്കോട്ടെ ബാങ്കിൽ നിന്നും തട്ടിയ പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ഓഹരി നിക്ഷേപത്തിനും ?

അതേസമയം, കോഴിക്കോട് കോര്‍പറേഷന്‍റെ കുടുംബശ്രീ അടക്കമുളള വിവിധ അക്കൗണ്ടുകളില്‍ നിന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ രെജില്‍ തട്ടിയെടുത്ത തുകയുടെ വലുപ്പം ബാങ്കിലെ പരിശോധന പുരോഗതിക്കനുസരിച്ച് കൂടുകയാണ്. കോഴിക്കോട് കോര്‍പറേഷന്‍റെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് രെജില്‍ തട്ടിയെടുത്ത തുക 20 കോടി വരെയാകാമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ വിലയിരുത്തല്‍.

YouTube video player

ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നുളള സംഘം ബാങ്കില്‍ പരിശോധന തുടരുകയാണ്. ലിങ്ക് റോഡ് ശാഖയിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ മുഴുവന്‍ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. രെജില്‍ അവസാനം ജോലി ചെയ്ത എരഞ്ഞിപ്പാലം ശാഖയിലെ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ലിങ്ക് റോഡ് ശാഖയിലെ കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്ന് പിതാവിന്‍റെ പേരിലുളള അക്കൗണ്ടിലേക്കും ആക്സിസ് ബാങ്കിലെ സ്വന്തം പേരിലുളള അക്കൗണ്ടിലേക്കും രെജില്‍ എത്ര തുക മാറ്റിയെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. കേസിന്‍റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. 

Also Read: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്; തട്ടിയ തുക 20 കോടി വരെയായേക്കാമെന്ന് വിലയിരുത്തൽ