Asianet News MalayalamAsianet News Malayalam

കോഴിക്കോട്ടെ ബാങ്കിൽ നിന്നും തട്ടിയ പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ഓഹരി നിക്ഷേപത്തിനും ?

കോര്‍പ്പറേഷന്‍റെ അക്കൗണ്ടിലെ പതിനഞ്ച് കോടിയിലധികം രൂപ ഓണ്‍ലൈന്‍ ചൂതാട്ടത്തിനുള്‍പ്പെടെ രജില്‍ ചെലവഴിച്ചതായാണ് സൂചനകള്‍.

money stolen from the kozhikode corporation pnb bank account was spent for online gambling and stock investments
Author
First Published Dec 2, 2022, 4:32 PM IST

കോഴിക്കോട് : കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്ത 15 കോടിയിലധികം രൂപ രജില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ഓഹരി നിക്ഷേപത്തിനുമായി ചെലവഴിച്ചെന്ന് സൂചന. രജില്‍ തട്ടിയെടുത്ത പണത്തിലേറെയും പിതാവിന്‍റെ അക്കൗണ്ടിലേക്കാണ് മാറ്റിയതെങ്കിലും ഈ അക്കൗണ്ടിലും ഇപ്പോള്‍ കാര്യമായ ബാലന്‍സില്ലെന്നാണ് വിവരം. ഇത്രയും പണം എങ്ങനെ ചെലവഴിച്ചുവെന്നതിലടക്കം കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്. ഇതോടൊപ്പം കോഴിക്കോട് കോർപ്പറേഷന്റെ അക്കൌണ്ടിൽ നിന്നും ഇത്രയെറെ തുക തട്ടിയതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിലടക്കം അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കോഴിക്കോട് കളന്തോടിനടുത്ത് ഏരിമലയില്‍ രജില്‍ പുതിയതായി നിര്‍മ്മിക്കുന്ന വീടിന്‍റെ പണി പൂര്‍ത്തിയായി വരികയാണ്. ഏഴു വര്‍ഷം മുമ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലിക്ക് കയറിയ രജില്‍ പുതിയ വീടിന്‍റെ നിര്‍മ്മാണം അടുത്തിടെയാണ് തുടങ്ങിയത്. ഇതിനടുത്ത് തന്നെയുള്ള പഴയ ഓടിട്ട വീട്ടിലാണ് രജിലും അച്ഛനും അമ്മയും താമസിച്ചിരുന്നത്. വീട് നിര്‍മ്മാണത്തിനായി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ലോണെടുത്തതിന്‍റെ ബാധ്യതയെക്കുറിച്ച് മാത്രമേ വീട്ടുകാര്‍ക്കും അറിവുള്ളൂ. 

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്; തട്ടിയ തുക 20 കോടി വരെയായേക്കാമെന്ന് വിലയിരുത്തൽ 

കോര്‍പ്പറേഷന്‍റെ അക്കൗണ്ടിലെ പതിനഞ്ച് കോടിയിലധികം രൂപ ഓണ്‍ലൈന്‍ ചൂതാട്ടത്തിനുള്‍പ്പെടെ രജില്‍ ചെലവഴിച്ചതായാണ് സൂചനകള്‍. ഓഹരി വിപണിയിലും  പണം ചെലവഴിച്ചതായാണ് വിവരം. ഇതില്‍ കോടികള്‍ നഷ്ടമായതായും സൂചനയുണ്ട്. രജില്‍ കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്നും പണം ആദ്യം അച്ഛന്‍റെ അക്കൗണ്ടിലേക്കായിരുന്നു മാറ്റിയത്. പിന്നീട് രജിലിന്‍റെ തന്നെ ആക്സിസ് ബാങ്കിലെ അക്കൗണ്ടിലേക്ക് പണം മാറ്റിയ ശേഷമാണ് ഓഹരി വിപണയിലടക്കം നിക്ഷേപിച്ചത്. രജില്‍ പിടിയിലായാല്‍ മാത്രമേ പണത്തിന്‍റെ വിനിയോഗം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ. 

കോർപ്പറേഷന്റെ പണം തട്ടിയ സംഭവം; പിഎൻബിയുടെ ഒരു ശാഖയും പ്രവർത്തിക്കാൻ അനുവദിക്കില്ല, മുന്നറിയിപ്പുമായി പി മോഹനൻ

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്രീനിവാസ്. കോർപ്പറേഷന്റെ അല്ലാതെ മറ്റ് വ്യക്തികൾക്ക് പണം നഷ്ടമായതായി ഇതുവരെ വിവരമില്ലെന്നും പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് കോര്‍പറേഷന്‍റെ അക്കൌണ്ടിൽ നിന്നും പണം മാനേജർ തട്ടിയെടുത്തുവെന്ന വിവരം പുറത്ത് വന്നത്. ആദ്യം 98 ലക്ഷത്തിന്റെ തിരിമറി നടന്നുവെന്നായിരുന്നു പുറത്ത് വന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നുളള സംഘം ബാങ്കില്‍ പരിശോധന തുടരുകയാണ്. വിവിധ അക്കൗണ്ടുകളില്‍ നിന്നായി  മാനേജര്‍ റിജില്‍ തട്ടിയെടുത്ത തുക 20 കോടി വരെയാകാമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ വിലയിരുത്തല്‍. 
 

 

 

Follow Us:
Download App:
  • android
  • ios